
സാധാരണക്കാരുടെ നെഞ്ചത്തടിച്ച് വിപണിയില്‍ അരിവില കുതിച്ചുയരുകയാണ്. ബസ്മതി, നോണ്‍- ബസ്മതി അരികള്‍ക്കെല്ലാം പൊള്ളുന്ന വിലയാണ്. അമേരിക്ക- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നെട്ടോട്ടമോടുന്നതാണ് ആഗോളതലത്തില്‍ അരിക്ക് പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. ഇതിന് പുറമെ ദക്ഷിണേന്ത്യയിലെ മഴക്കുറവും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയായി. ഡിമാന്‍ഡ് കൂടിയതോടെ ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസ്മതി അരിക്ക് കഴിഞ്ഞ വര്‍ഷം ഇതേസമയം 85 രൂപയായിരുന്നത് ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബസ്മതി അരിക്ക് 15 മുതല്‍ 20 ശതമാനം വരെയാണ് വില ഉയര്‍ന്നത്. ബസ്മതി ഇതര അരിക്ക് 20 മുതല്‍ 25 ശതമാനം വരെയും വില കൂടി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പുതിയ വിളവെടുപ്പ് എത്തുന്നതുവരെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികളും കയറ്റുമതിക്കാരും നല്‍കുന്ന സൂചന. അതായത്, വരും മാസങ്ങളിലും ഉപഭോക്താക്കള്‍ക്ക് യാതൊരു ആശ്വാസവും ലഭിക്കില്ല.
കയറ്റുമതി വിപണിയിലെ കുതിപ്പും ബസ്മതി വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യന്‍ ബസ്മതിക്ക് വിദേശത്ത് വന്‍ ഡിമാന്‍ഡാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 154 രാജ്യങ്ങളിലേക്ക് 6.52 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്, ഇതൊരു റെക്കോര്‍ഡാണ്. സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ അരി വാങ്ങുന്നത്. ഗള്‍ഫ് ഇടനാഴിയിലെ പണമിടപാട്, ഷിപ്പിങ് തടസ്സങ്ങള്‍ കാരണം നിലവില്‍ കയറ്റുമതിയില്‍ ചെറിയ കാലതാമസമുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് യാതൊരു കുറവുമില്ല.
2025ലെ വിളവെടുപ്പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിറ്റഴിഞ്ഞു. ഒക്ടോബറില്‍ പുതിയ വിളവെടുപ്പ് വരുന്നതുവരെ സ്റ്റോക്ക് വളരെ കുറവാണ്. കയറ്റുമതിയെക്കാള്‍, ആഭ്യന്തര വിപണിയിലെ ഈ ദൗര്‍ലഭ്യമാണ് വില കൂട്ടുന്നത്. പൊതുവിതരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ അരി സംഭരിക്കുന്നത് വിലക്കയറ്റത്തിന് കാരണമായെന്ന് റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പറയുന്നു. തെലങ്കാനയില്‍ സര്‍ക്കാര്‍ റേഷന്‍ വഴിയാണ് നോണ്‍-ബസ്മതി അരി വിതരണം ചെയ്യുന്നത്. കൂടാതെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മഴക്കുറവും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
പുതിയ ഖാരിഫ് വിളവെടുപ്പിന് ഇനിയും ആഴ്ചകള്‍ ബാക്കിനില്‍ക്കെ, വില ഉടനെയെങ്ങും താഴോട്ട് വരില്ലെന്നാണ് വിപണിയിലെ വിലയിരുത്തല്‍. പുതിയ വിളവ് വിപണിയില്‍ എത്തുകയും, മഴ ലഭ്യത മെച്ചപ്പെടുകയും, വിദേശ രാജ്യങ്ങളിലേക്കുള്ള വാങ്ങല്‍ കുറയുകയും ചെയ്താല്‍ മാത്രമേ വിലയില്‍ മാറ്റമുണ്ടാകൂ.