
ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ഇന്നും ഇന്ത്യൻ രൂപയുെടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡെളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 90.15 ആയി. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.05 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ച യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവൽ യുഎസ് ഫെഡ് യോഗത്തിൽ സ്വീകരിക്കുന്ന നിലപാടിലാണ് വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഫെഡറൽ റിസർവിന്റെ ഏതൊരു തീരുമാനവും ഗോള കറൻസികളെ ബാധിക്കും. ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ വർദ്ധിക്കുന്നതും, ആർബിഐ ലിക്വിഡിറ്റി സജീവമായി കൈകാര്യം ചെയ്യുന്നതും അമേരിക്ക, ഇന്ത്യ വ്യാപാര കരാറിന്റെ പ്രതീക്ഷയും രൂപയ്ക്ക് ഗുണം ചെയ്തേക്കുമെന്നാണ് നിലവിൽ വിപണി വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാൽ, ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഇന്തോനേഷ്യൻ റുപ്പിയയ്ക്കും ഫിലിപ്പൈൻ പെസോയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ ഇപ്പോഴും തുടരുന്നു.
ബുധനാഴ്ച ആരംഭിക്കുന്ന യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വം യുഎസ് ഡോളറിന്റെ വില ഉയരാൻ കാരണമാകുമ്പോൾ വിദേശ നിക്ഷേപകർ പിൻവലിയുന്നതും രൂപയ്ക്ക തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾ ഡിസംബർ 10 ന് ആരംഭിക്കും.
അതേസമയം, ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് 381.91 പോയിന്റ് താഴ്ന്ന് 84,720.78 ലും നിഫ്റ്റി 139.55 പോയിന്റ് താഴ്ന്ന് 25,821.00 ലുമാണ് വ്യാപാരം നടത്തുന്നത്. വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച 655.59 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്.