
മുംബൈ: ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ മിസൈല്‍ പ്രയോഗിച്ചതിനെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 72.02 ലെത്തി.
രണ്ട് ഇറാഖ് താവളങ്ങളിൽ ഇറാന്‍റെ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതോടെ ഏഷ്യൻ വിപണികൾ താഴേക്ക് പോയി. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ ദുർബലമായി, ആദ്യ ഇടപാടുകളിൽ മൂല്യം 72 മാർക്കിലേക്ക് താഴ്ന്നു.
പ്രാദേശിക യൂണിറ്റില്‍ രൂപ ഡോളറിനെതിരെ ചൊവ്വാഴ്ച 71.82 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യുഎസ്- ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 1.32 ശതമാനം ഉയർന്ന് 69.17 യുഎസ് ഡോളറിലെത്തി.
അതേസമയം, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയ്ക്കിടയിൽ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളില്‍ പ്രതിസന്ധി കടുത്തിരിക്കുകയാണ്. ബിഎസ്‌ഇ സെൻസെക്സ് 374.21 പോയിൻറ് ഇടിഞ്ഞ് 40,495.26 ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 123.35 പോയിൻറ് കുറഞ്ഞ് 11,929.60 ലെത്തി.
682.23 കോടി രൂപയുടെ ഓഹരികൾ വിദേശ ഫണ്ടുകൾ ചൊവ്വാഴ്ച വിറ്റഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര മാക്രോ ഇക്കണോമിക് രംഗത്ത്, ഇന്ത്യയുടെ ജിഡിപി വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രധാനമായും നിർമ്മാണ, നിർമാണ മേഖലകളിലെ മോശം പ്രകടനമാണ് ഇതിന് കാരണമെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.