സ്‌കോച്ച് വിസ്‌കിയുടെ ഏറ്റവും വലിയ വിപണിയാകാന്‍ ഇന്ത്യ; മൂല്യത്തില്‍ യുഎസിനെയും മറികടന്നേക്കും

Published : Oct 22, 2026, 01:49 PM IST
english whisky scotland

Synopsis

സ്‌കോച്ച് വിസ്‌കിയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. നിലവിൽ അളവിൽ ഒന്നാമതുള്ള ഇന്ത്യ, ഇറക്കുമതി തീരുവ കുറയുന്നതോടെ മൂല്യത്തിലും ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഇതിന് കൂടുതൽ കരുത്തേകും.

സ്‌കോച്ച് വിസ്‌കിയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയേക്കുമെന്ന് സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍. നിലവില്‍ അളവിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയാണ് ഇന്ത്യ. എന്നാല്‍ കയറ്റുമതി മൂല്യത്തില്‍ യുഎസിനും ഫ്രാന്‍സിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് രാജ്യം. 2025ല്‍ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് വിസ്‌കി കയറ്റുമതിയുടെ മൂല്യം 28.6 കോടി പൗണ്ടായിരുന്നു (ഏകദേശം 3,614 കോടി രൂപ).

ഏകദേശം 22 കോടി കുപ്പികള്‍ക്ക് തുല്യമായ അളവിലാണ് സ്‌കോച്ച് വിസ്‌കി ഇന്ത്യയിലേക്ക് എത്തിയത്. ഉയര്‍ന്ന ഇറക്കുമതി തീരുവ നിലനിന്നിരുന്നിട്ടും കയറ്റുമതി ഓരോ വര്‍ഷവും 8- 9% വീതം വളര്‍ന്നതായി അന്താരാഷ്ട്ര മദ്യവ്യാപാര സംഘടനയായ സ്‌കോച്ച് വിസ്‌കി അസോസിയേഷന്‍ പറഞ്ഞു. രാജ്യത്തെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും വരുമാന വര്‍ധനയും വരുംകാലത്ത് കയറ്റുമതി മൂല്യത്തില്‍ യുഎസിനെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇറക്കുമതി തീരുവ കുറയുന്നത് നിര്‍ണായകം

ഇന്ത്യയില്‍ വിസ്‌കി ഉപഭോഗം വര്‍ധിക്കുന്നതിനൊപ്പം വ്യാപാര കരാറുകളിലൂടെ ഇറക്കുമതി തടസങ്ങള്‍ കുറയുന്നതും സ്‌കോച്ച് വിസ്‌കി വിപണിക്ക് അനുകൂലമാകുന്നു. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഒപ്പുവച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15ന് പ്രാബല്യത്തില്‍ വന്നു. ഇതോടെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറഞ്ഞു. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയ്ക്കാനും വ്യവസ്ഥയുണ്ട്. 2025ല്‍ ഇന്ത്യയിലെ വിസ്‌കി ഉപഭോഗം 3.7% വര്‍ധിച്ച് 26.88 കോടി ഒന്‍പത് ലീറ്റര്‍ കെയ്‌സുകളിലെത്തി.

സ്‌കോച്ച് വിസ്‌കിയുടെ ഉപഭോഗം ഇതിലും വേഗത്തില്‍ 5.3% വര്‍ധിച്ച് 90 ലക്ഷം കെയ്‌സായി. 2025 മുതല്‍ 2030 വരെയുള്ള കാലയളവില്‍ സ്‌കോച്ച് വിസ്‌കി വിപണി ശരാശരി 5.4% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മൊത്തം വിസ്‌കി വിപണിയുടെ വളര്‍ച്ചാനിരക്ക് 3.6% ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

100 മിനിറ്റിനുള്ളില്‍ മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വന്‍ സ്വീകാര്യത, ക്യു.ഐ.ബി. വിഭാഗത്തില്‍ 2.9 മടങ്ങ് അപേക്ഷകള്‍
പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് വിലക്ക്