
ദില്ലി: ദിവസങ്ങൾക്ക് ശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. ജി.എസ്.ടി പരിഷ്കരണത്തിലൂടെ വൻതോതിൽ നികുതി ഇളവ് പ്രഖ്യാപിച്ചത് നിക്ഷേപകരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്. സെൻസെക്സ് 600 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റി 24,910 ത്തിലെത്തി.
ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇവ നാല് ശതമാനം വരെ ഉയർന്നു. അതേസമയം, എൻടിപിസിയും റിലയൻസ് ഇൻഡസ്ട്രീസും നേരിയതോതിൽ ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി ഓട്ടോ സൂചിക 2.4 ശതമാനം ഉയർന്ന് മേഖല വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, സ്വകാര്യ ബാങ്ക് സൂചികകളും ഇന്ന് നേട്ടത്തിലാണ്. ഉത്സവകാലം വരുന്നതിനാൽ അവശ്യവസ്തുക്കൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ, ഇൻഷുറൻസ് എന്നിവയിലെ നികുതിയിളവുകൾ വിപണിയിൽ ഡിമാൻഡ് വർധിപ്പിക്കുമെന്ന വിലയിരുത്തലാണ് സൂചികകൾക്ക് തുണയായത്.