
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. 15800 ന് താഴെയാണ് ഇന്ന് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. രാവിലെ 9.16 ന് സെൻസെക്സ് 85.71 പോയിന്റ് ഇടിഞ്ഞു. 52757.04 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 33.20 പോയിന്റ് താഴ്ന്നു. 15830 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്.
1238 ഓഹരികൾ ഇന്ന് മുന്നേറി. 549 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 91 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല. ഒഎൻജിസി, പവർ ഗ്രിഡ് കോർപറേഷൻ, എച്ച്സിഎൽ ടെക്നോളജീസ്, എൻടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചത്. ഹിന്റാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സ് ബാങ്ക്, ഹാറോ മോട്ടോകോർപ്, ഐഷർ മോട്ടോർസ് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു.
എന്നാൽ പത്ത് മണിയോടെ നിഫ്റ്റി 15800 പോയിന്റിലേക്ക് മുന്നേറി. സെൻസെക്സ് നഷ്ടഭാരം കുറച്ച് 52773.13 പോയിന്റിലേക്ക് കയറി. 2086 ഓഹരികൾ ഈ ഘട്ടത്തിൽ നേട്ടമുണ്ടാക്കി. 676 ഓഹരികൾ നഷ്ടത്തിൽ വ്യാപാരം തുടർന്നു. 90 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
ഇന്ത്യൻ രൂപയും ഇന്ന് നില മെച്ചപ്പെടുത്തി. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോഴത്തെ 76.97 പോയിന്റിൽ നിന്ന് മുന്നേറി 76.93 പോയിന്റിലേക്ക് ഉയർന്നു. രൂപയുടെ മൂല്യം 76.7 ലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദ്ധർ.