
മുംബൈ: ഇന്ന്ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇസ്രയേൽ ഇറാനിൽ സൈനിക ആക്രമണം നടത്തിയതിനെത്തുടർന്ന് ഏഷ്യൻ വിപണികളിലെ കനത്ത നഷ്ടം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു, ബിഎസ്ഇ സെൻസെക്സും നിഫ്റ്റി 50 ഉം ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. എണ്ണ, വാതക മേഖലയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 6 ഡോളർ ഉയർന്ന് 75.36 ഡോളറിലെത്തി. ഇതോടെ എണ്ണ വിപണന കമ്പനികളുടെ (OMC) ഓഹരികൾ 6% വരെ ഇടിഞ്ഞു. മാസങ്ങളിലെ ഏറ്റവും ഉയർന്ന നിലയാണിത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്വസ്ഥതകൾ ആഗോള എണ്ണ വിതരണത്തിൽ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങളിലൂടെയുള്ള യാത്രയിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ചൈനീസ്, ഹോങ്കോംഗ് ഓഹരികളും ഇടിഞ്ഞിട്ടുണ്ട്. ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയും ഹാംഗ് സെങ് സൂചികയും യഥാക്രമം 0.72% ഉം 0.7% ഉം ഇടിഞ്ഞു. നിക്ഷേപകർ സ്വർണ്ണം, എണ്ണ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതേസമയം ഐഡിയഫോർജ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉൾപ്പെടെയുള്ള പ്രതിരോധ കമ്പനികളുടെ ഓഹരികൾ 8% വരെ ഉയർന്നിട്ടുണ്ട്.
അതേസമയം, എണ്ണവിലയിലുണ്ടായ കുതിച്ചുയരലിനെത്തുടർന്ന് രൂപയുടെ മൂല്യം കുറയാനുള്ള സാധ്യത ഉണ്ടായതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഡോളർ വിറ്റു. വ്യാപാരം ആരംഭിക്കുമ്പോൾ തുടക്കത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 86.20 ആയി കുറഞ്ഞു. പിന്നീട് അത് 86 ആയി ഉയർന്നു.