വിമാന അപകടം: ബോയിംഗ് ഓഹരികളില്‍ കനത്ത ഇടിവ്; തകര്‍ന്നത് ബോയിംഗിന്റെ അഭിമാന മോഡല്‍

Published : Jun 12, 2025, 06:01 PM IST
Share Market Crash

Synopsis

അത്യാധുനിക യാത്രാവിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തില്‍പ്പെട്ട വിമാനം

അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെ ഓഹരികളില്‍ കനത്ത ഇടിവ്. യുഎസ് പ്രീമാര്‍ക്കറ്റ് വ്യാപാരത്തില്‍ 8 ശതമാനം ഇടിവ് ആണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്. അത്യാധുനിക യാത്രാവിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തില്‍പ്പെട്ട വിമാനമെന്ന് വ്യോമയാന ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍24 അറിയിച്ചു.

അപകടകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ബോയിംഗ് പ്രസ്താവനയിലൂടെ അറിയിച്ചു. ബോയിംഗിന്റെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിശ്വാസം വീണ്ടെടുക്കാനും പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെല്ലി ഓര്‍ത്തോബര്‍ഗിന്റെ കീഴില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. സമീപ കാലത്ത് ബോയിംഗ് വിമാനങ്ങളെയും ബോയിംഗിനെയും ബാധിച്ച പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭയങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബോയിംഗ് 787 ഡ്രീംലൈനര്‍

ബോയിംഗ് 787 ഡ്രീംലൈനര്‍, അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് കൊമേഴ്‌സ്യല്‍ എയര്‍പ്ലെയിന്‍സ് നിര്‍മ്മിക്കുന്ന ഒരു വൈഡ്-ബോഡി ജെറ്റ് എയര്‍ലൈനറാണ്. ദീര്‍ഘദൂര യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ വിമാനം, ആധുനിക സാങ്കേതികവിദ്യയുടെയും ഇന്ധനക്ഷമതയുടെയും പേരില്‍ ആണ് അറിയപ്പെടുന്നത്. 2011-ല്‍ സേവനം ആരംഭിച്ചതു മുതല്‍ 787 ഡ്രീംലൈനര്‍ വിമാനത്തിന് മികച്ച സുരക്ഷാ റെക്കോര്‍ഡാണുള്ളത്. എന്നിരുന്നാലും, ലിഥിയം-അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഗുണനിലവാര നിയന്ത്രണത്തിലെ വെല്ലുവിളികളും കാരണം ഇതിന് മുന്‍പ് ബോയിംഗ് ചില വിമര്‍ശനങ്ങളെ നേരിട്ടിട്ടുണ്ട്. 2013-ല്‍ ബാറ്ററി പ്രശ്‌നങ്ങള്‍ കാരണം യുഎസ് എഫ്എഎ എല്ലാ 787 വിമാനങ്ങള്‍ക്കും താല്‍ക്കാലികമായി സര്‍വീസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് പരിഷ്‌കരിച്ച ബാറ്ററി ഡിസൈനുകള്‍ക്ക് അനുമതി ലഭിച്ച ശേഷമാണ് വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചത്. ഇന്ത്യയില്‍ എയര്‍ ഇന്ത്യയാണ് പ്രധാനമായും ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ടിവി, വാഷിങ് മെഷീൻ, എസി....; വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും; കാരണം വ്യക്തമാക്കി കമ്പനികൾ
യൂട്യൂബ് ഷോപ്പിങ്ങിൽ വൻ മാറ്റങ്ങൾ; ഇന്ത്യയിലെ ക്രിയേറ്റർമാർക്കായി പുതിയ എഐ ടൂളുകളും