ട്രംപിന്റെ അടുത്ത 'ഇടിത്തീ' പ്രഖ്യാപനം; ഏറ്റവും ബാധിക്കുക ഇന്ത്യയെത്തന്നെ ! അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

Published : Jul 22, 2026, 11:55 AM IST
donald trump

Synopsis

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കൻ മരുന്ന് ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ നീക്കം, ഏറ്റവും വലിയ കയറ്റുമതിക്കാരായ ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികൾക്ക് കനത്ത ഇടിവുണ്ടായി.

ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കനത്ത തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയ്ക്കുള്ളില്‍ തന്നെ മരുന്ന് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയെ പുതിയ തീരുമാനം കാര്യമായി ബാധിച്ചേക്കും.

ട്രംപ് പറഞ്ഞത് എന്ത്?

സ്വന്തം സാമൂഹിക മാധ്യമമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. ഈ നയം അമേരിക്കന്‍ ജനതയെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് പുതിയ തീരുവ പ്ലാന്‍ നടപ്പിലാക്കുക. 2026 ഓഗസ്റ്റ് 1 മുതല്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന എല്ലാ ജനറിക് മരുന്നുകള്‍ക്കും ആദ്യത്തെ രണ്ട് വര്‍ഷത്തേക്ക് തീരുവ പൂജ്യം ശതമാനമായി തുടരും. എന്നാല്‍ മൂന്നാം വര്‍ഷം ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും ഉയര്‍ത്തും. ജനറിക് മരുന്ന് നിര്‍മ്മാണം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സമയ പരിധിക്കുള്ളില്‍ അമേരിക്കയില്‍ പ്ലാന്റുകളും ഉപകരണങ്ങളും സ്ഥാപിക്കാത്ത കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താനാണ് നീക്കം.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

അമേരിക്കയില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ അളവിന്റെ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് റിപ്പോര്‍ട്ട് പ്രകാരം, 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 970 കോടി ഡോളറിന്റെ മരുന്നുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ ആകെ ആഗോള ഫാര്‍മ കയറ്റുമതിയായ 2580 കോടി ഡോളറിന്റെ 38 ശതമാനമാണിത്.ട്രംപിന്റെ പുതിയ ഭീഷണി ഇന്ത്യന്‍ മരുന്ന് കമ്പനികളെ കൃത്യമായി എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ഫെബ്രുവരിയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാര്‍ പ്രകാരം ജനറിക് മരുന്നുകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ പരിഗണന ലഭിക്കേണ്ടതുണ്ട്. എങ്കിലും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം, പ്രമേഹം, കാന്‍സര്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യം തുടങ്ങിയവയ്ക്കായി അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്ന വിലകുറഞ്ഞ ഇന്ത്യന്‍ മരുന്നുകളുടെ വിതരണത്തെ ട്രംപിന്റെ മുന്‍കാല ഭീഷണികള്‍ അപകടത്തിലാക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ അമേരിക്കയില്‍ കുറിച്ചുകൊടുത്ത ഗര്‍ഭനിരോധന ഗുളികകളുടെ 65 ശതമാനവും ഇന്ത്യയിലെ രണ്ട് കമ്പനികളായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ലുപിന്‍ എന്നിവയാണ് നിര്‍മ്മിച്ചത്.

ഓഹരി വിപണിയില്‍ തകര്‍ച്ച

ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടു. നിഫ്റ്റി ഫാര്‍മ സൂചിക 1.5 ശതമാനത്തിലധികം ഇടിഞ്ഞു. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ഓഹരികളില്‍ വലിയ വില്‍പന സമ്മര്‍ദ്ദമാണുണ്ടായത്. നിഫ്റ്റി 50-ല്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടതും സിപ്ല, ഡോ. റെഡ്ഡീസ് എന്നിവര്‍ക്കാണ്. അമേരിക്കന്‍ വിപണിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ദീര്‍ഘകാല ഭാവിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളാണ് ഓഹരി വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് കാരണം.

PREV
Read more Articles on
click me!

Recommended Stories

എഐ ഓഹരികള്‍ കൂപ്പുകുത്തുന്നു, ദക്ഷിണ കൊറിയന്‍ വിപണിയില്‍ വന്‍ തകര്‍ച്ച; സംഭവിക്കുന്നതെന്ത്?
ലേബലിൽ പറഞ്ഞ പഴക്കം വിസ്‌കിക്കുണ്ടോ? അതോ നിറവും മണവും ചേര്‍ത്ത് തട്ടിപ്പോ? പിടിമുറുക്കി എഫ്എസ്എസ്എഐ