
ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന്റേത് മാത്രമാകുമോ? 43 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്ന മസ്കിന്റെ വാഗ്ദാനത്തിൽ ട്വിറ്ററിന്റെ ഉന്നതർ ചർച്ച നടത്തുകയാണ്. ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നാണ് മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറാണ് വാഗ്ദാനം.
ഈ കാര്യത്തിലാണ് ചർച്ച നടക്കുന്നത്. ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടിയാകും ഇക്കാര്യത്തിൽ ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എടുക്കുക. അതിനാൽ തന്നെ അവസാന നിമിഷം ഈ ഡീൽ നടക്കാതിരിക്കാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് മസ്ക്. ഇദ്ദേഹം സ്വന്തം നിലയ്ക്കാണ് ട്വിറ്റർ വാങ്ങാൻ ശ്രമിക്കുന്നത്. ഈ ഡീലിൽ ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. അതേസമയം അന്തിമ ചർച്ചകളിൽ ഉറ്റുനോക്കിയിരിക്കുകയാണ് ലോകം. ഇതുവരെ അന്തിമ നിലപാട് വന്നിട്ടില്ല. എങ്കിലും ഇന്ന് തന്നെ മസ്കിന്റെ ഓഫറിന് മുകളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു.
ഈ വാർത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയർന്നു. 51.15 ഡോളറിലാണ് ന്യൂയോർക്ക് ഓഹരി വിപണിയിൽ ട്വിറ്റർ ഓഹരികളുടെ വിപണനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോൺ മസ്കിന്റെ വാദം. തന്നെ ഏറ്റവും നിശിതമായി വിമർശിക്കുന്നവർക്ക് വരെ ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇലോൺ മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ട്വിറ്ററിൽ ഒൻപത് ശതമാനത്തിലേറെ ഇലോൺ മസ്ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോൺ മസ്ക് അറിയിച്ചത്. തുടക്കത്തിൽ ഇതിനെ തമാശയായി കരുതിയ ട്വിറ്റർ മാനേജ്മെന്റ് ഇലോൺ മസ്ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.