യുഎസില്‍ പണ്ട് കന്നുകാലികള്‍ക്ക് നല്‍കിയിരുന്നത്, ഇപ്പോൾ നമുക്ക് വെളുത്ത സ്വര്‍ണ്ണം; അമേരിക്കന്‍ ക്ഷീര വ്യവസായത്തിന്റെ തലവര മാറ്റിയ 'വേ' പ്രോട്ടീന്‍

Published : Aug 03, 2026, 04:26 PM IST
whey protein

Synopsis

ഒരുകാലത്ത് ചീസ് നിര്‍മ്മാണത്തിലെ ഉപോല്‍പ്പന്നമായിരുന്ന വേ പ്രോട്ടീന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡുകളും ആരോഗ്യരംഗത്തെ നിര്‍ദ്ദേശങ്ങളും ഇതിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇത് ആഗോളതലത്തിലും ഇന്ത്യയിലും വേ പ്രോട്ടീന്റെ വില കുത്തനെ ഉയരാനും ക്ഷീര വ്യവസായം പ്രതിസന്ധിയിലാകാനും കാരണമായി.

ചീസ് ഉണ്ടാക്കുമ്പോള്‍ ബാക്കി വരുന്ന വെറുമൊരു ഉപോല്‍പ്പന്നം മാത്രമായിരുന്നു ഒരു കാലത്ത് 'വേ' പ്രോട്ടീന്‍. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഹൈ- പ്രോട്ടീന്‍ ഡയറ്റുകള്‍ക്ക് ലഭിച്ച വന്‍ ജനപ്രീതി, വേ പ്രോട്ടീനെ അമേരിക്കന്‍ ഡയറി വ്യവസായത്തിന്റെ തലവര മാറ്റുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പൊക്കെ വ്യായാമം ചെയ്യുന്നവര്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് സര്‍വ സാധാരണമായിരിക്കുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങളുടെ ഒരു നീണ്ട നിര കാണാം. ഓണ്‍ലൈനില്‍ ആളുകള്‍ പരമാവധി പ്രോട്ടീന്‍ കഴിക്കാന്‍ ശ്രമിക്കുന്ന 'പ്രോട്ടീന്‍- മാക്‌സിങ്‌ട്രെന്‍ഡും ഇതിന് പ്രധാന കാരണമാണ്. കൂടാതെ, വെയ്റ്റ് ലോസ് മരുന്നുകളായ വെഗോവി, ഒസെംപിക് തുടങ്ങിയവ ഉപയോഗിക്കുന്നവരോട് മസില്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടീന്‍ കൂടുതലായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും വേ പ്രോട്ടീന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

ഡിമാന്‍ഡ് താങ്ങാനാവാതെ ഡയറി വ്യവസായം

വര്‍ധിച്ചുവരുന്ന ഈ ഡിമാന്‍ഡ്, യുഎസിലെ ക്ഷീര വ്യവസായത്തിന് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചീസ് നിര്‍മ്മാണത്തില്‍ നിന്ന് ലഭിക്കുന്ന ഉപ ഉല്‍പ്പന്നമായതിനാല്‍, ഇതിന്റെ ഉല്‍പ്പാദനത്തിന് പരിമിതികളുണ്ട്. വേ പ്രോട്ടീന്‍ വേര്‍തിരിച്ചെടുക്കാന്‍ വിലകൂടിയ, വ്യത്യസ്തമായ യന്ത്രങ്ങള്‍ ആവശ്യമാണ്. ഒരു കാലത്ത് മൃഗങ്ങള്‍ക്ക് നല്‍കുകയോ വെറുതെ കളയുകയോ ചെയ്തിരുന്ന ഒന്നാണിതെന്നതാണ് ഏറ്റവും കൗതുകകരം. ഈ ട്രെന്‍ഡ് മുന്‍കൂട്ടി കണ്ട യുഎസിലെ ഡയറി കമ്പനികള്‍ പുതിയ സാങ്കേതികവിദ്യകള്‍ക്കും വിതരണം മെച്ചപ്പെടുത്തുന്നതിനുമായി 1300 കോടി ഡോളര്‍ നിക്ഷേപിച്ചതായി ഇന്റര്‍നാഷണല്‍ ഡയറി ഫുഡ് അസോസിയേഷന്റെ കണക്കുകൾ.

വില കുതിച്ചുയരുന്നു, ഒപ്പം ലാഭവും

വേ പ്രോട്ടീൻ ഉല്‍പ്പാദനം കൂടുന്നുണ്ടെങ്കിലും വിപണിയില്‍ ആവശ്യക്കാരും ഏറുകയാണ്. അടുത്തിടെ വേ പ്രോട്ടീന്‍ വിലയില്‍ 40 ശതമാനത്തോളം വര്‍ധനവാണുണ്ടായത്. ഉയര്‍ന്ന സാന്ദ്രതയുള്ള വേ പ്രോട്ടീന്റെ വിലയില്‍ 150 ശതമാനത്തിന്റെ വമ്പന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഈ ഉയര്‍ന്ന വില ചീസ് നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ചില സമയങ്ങളില്‍ ചീസിനേക്കാള്‍ ലാഭം അവര്‍ക്ക് വേ പ്രോട്ടീനില്‍ നിന്നാണ് ലഭിക്കുന്നത്.

ഇന്ത്യയുടെ 'വേ' പ്രോട്ടീന്‍ പ്രതിസന്ധി

ഇന്ത്യയില്‍ 'വേ പ്രോട്ടീന്‍' ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ജിമ്മില്‍ പോകുന്നവരും ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവരുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ 1998 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യക്കാര്‍ക്ക് ആവശ്യമുള്ള വേ പ്രോട്ടീന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ പാലില്‍ നിന്ന് പ്രധാനമായും ഉണ്ടാക്കുന്നത് തൈര്, പനീര്‍, നെയ്യ് എന്നിവയാണ്. ഇതാണ് നമ്മുടെ വിപണി നേരിടുന്ന പ്രധാന പ്രശ്‌നവും. മികച്ച ഗുണനിലവാരമുള്ള 'സപ്ലിമെന്റ് ഗ്രേഡ്' വേ പ്രോട്ടീന്‍ ലഭിക്കുന്നത് വലിയ തോതില്‍ ചീസ് ഉണ്ടാക്കുമ്പോഴാണ്. പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ചീസ് ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് വേ പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും എളുപ്പത്തില്‍ ഒരുക്കാനായി.

പൊള്ളുന്ന വില

കഴിഞ്ഞ രണ്ടു വര്‍ഷമായി വേ പ്രോട്ടീന്‍ ഇറക്കുമതി വളരെ ചെലവേറിയതായി മാറി. 2025 ല്‍ ഇന്ത്യ ഏകദേശം 23,000 ടണ്‍ വേ പ്രോട്ടീന്‍ ഇറക്കുമതി ചെയ്‌തെന്നാണ് കണക്കാക്കുന്നത് (മുന്‍വര്‍ഷത്തേക്കാള്‍ 20% കൂടുതല്‍). അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് 95 ശതമാനവും ഇന്ത്യയിലേക്ക് വരുന്നത്. 2024 വരെ കിലോയ്ക്ക് 700-800 രൂപ ഉണ്ടായിരുന്ന വേ പ്രോട്ടീന്‍ കോണ്‍സെന്‍ട്രേറ്റിന് ഇപ്പോള്‍ 2000-2300 രൂപയായി ഉയര്‍ന്നു.ആഗോളതലത്തിലുള്ള വിതരണ തടസങ്ങള്‍, കറന്‍സി മൂല്യത്തകര്‍ച്ച, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം എന്നിവയാണ് വില കുത്തനെ ഉയരാന്‍ കാരണം.

PREV
Read more Articles on
click me!

Recommended Stories

ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച് ബ്രാന്‍ഡുകളുടെ വില്‍പന വിലക്കി എഫ്എസ്എസ്എഐ; കൃത്രിമ ഫ്‌ലേവര്‍ ചേര്‍ത്തെന്ന് കണ്ടെത്തൽ
കൊക്കോ വില കുറയുന്നു, ഇന്ത്യയിൽ ചോക്ലേറ്റ് വില കുറയുമോ? ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനികള്‍