അംബാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി! വില്ലനായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം, റിലയന്‍സ് ജിയോയുടെ വമ്പന്‍ ഐപിഒ വൈകുന്നു

Published : May 23, 2026, 11:48 AM IST
Mukesh Ambani

Synopsis

അമേരിക്ക- ഇറാൻ സംഘർഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം റിലയൻസ് ജിയോയുടെ ഐപിഒ പദ്ധതികൾ മന്ദഗതിയിലായി. ഏകദേശം 38,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ കമ്പനി തങ്ങളുടെ പദ്ധതികൾ പുനഃപരിശോധിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് തയ്യാറെടുക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിന് തിരിച്ചടി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം ജിയോയുടെ ഐപിഒ പദ്ധതികള്‍ മന്ദഗതിയിലായെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ബില്യണ്‍ ഡോളര്‍ (ഏകദേശം 38,000 കോടി രൂപയിലേറെ) സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കമ്പനി തങ്ങളുടെ പദ്ധതികള്‍ പുനഃപരിശോധിക്കുകയാണ്.

എന്തുകൊണ്ടാണ് ഐപിഒ വൈകുന്നത്?

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഐപിഒയ്ക്കായുള്ള പ്രാഥമിക രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും, ഇതുവരെ കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം ആദ്യ പകുതിക്കുള്ളില്‍ ഐപിഒ പൂര്‍ത്തിയാക്കുമെന്ന അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

ഇറാനിലെ യുദ്ധം വിപണിയെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്

വിപണിയിലെ ഇടിവ്: ഇന്ത്യന്‍ ഓഹരി വിപണിയിലെ തളര്‍ച്ചയും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നു.

എണ്ണവിലയും സാമ്പത്തിക പ്രതിസന്ധിയും: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടുന്നു. ഇത് വിദേശ നാണ്യശേഖരത്തെ ബാധിക്കാം

വിപണി മൂല്യവും ആശങ്കകളും

ഐപിഒയില്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്ന ലാഭവും, ഓഹരി വിപണിയില്‍ എത്തുമ്പോള്‍ ലഭിക്കേണ്ട സ്വീകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ റിലയന്‍സിന് ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. വിപണിയിലെ തളര്‍ച്ച തുടര്‍ന്നാല്‍, ജിയോയുടെ ഓഹരി മൂല്യം എതിരാളിയായ ഭാരതി എയര്‍ടെലിനേക്കാള്‍ കുറഞ്ഞുപോകുമോ എന്ന ആശങ്കയും നിരീക്ഷകര്‍ പങ്കുവെക്കുന്നു.

ഐപിഒയിലെ പ്രത്യേകതകള്‍

ഏകദേശം രണ്ട് പതിറ്റാണ്ടിനിടയില്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നുണ്ടാകുന്ന വലിയൊരു ഓഹരി വിപണി പ്രവേശനമാണിത്. നേരത്തെ ഉണ്ടായിരുന്ന പദ്ധതികള്‍ മാറ്റി, നിലവിലെ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നതിന് പകരം, പുതിയ ഓഹരികള്‍ മാത്രം വിപണിയിലിറക്കി മൂലധനം സമാഹരിക്കാനാണ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നത്.

മെറ്റ, ഗൂഗിള്‍, സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയ വമ്പന്‍ നിക്ഷേപകര്‍ ജിയോയിലുണ്ട്. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ഗോള്‍ഡ്മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് ഐപിഒയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മുന്നറിയിപ്പ്: ഈ വാര്‍ത്ത വിവരങ്ങള്‍ നല്‍കുന്നതിന് മാത്രമുള്ളതാണ്. ഇത് നിക്ഷേപത്തിനായുള്ള ഉപദേശമല്ല. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധരുമായി ആലോചിക്കേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

വെറുതെ കളയല്ലേ, ഇപ്പൊ വിറ്റാൽ കിട്ടും പൊന്നുംവില; തേങ്ങയെ വരെ പിന്നിലാക്കി ചിരട്ടയുടെ വൻ കുതിപ്പ്, കിലോയ്ക്ക് 33 രൂപ വില
പൊന്നിന്റെ കുതിപ്പിന് പെട്ടെന്നൊരു ബ്രേക്ക്! സ്വര്‍ണവിലയില്‍ മാറ്റമില്ലാത്തത് എന്തുകൊണ്ട്? കാരണങ്ങള്‍ അറിയാം