പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും കാരണം ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1600 പോയിന്റിലധികം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 24,000ന് താഴെയെത്തി. ആഗോള വിപണികളിലെ തളര്‍ച്ചയും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ കൂടുതൽ പ്രതികൂലമായി ബാധിച്ചു.

പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും കാരണം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 1600 പോയിന്റിലധികം ഇടിഞ്ഞു. നിഫ്റ്റി സുപ്രധാനമായ 24,000ന് താഴേക്ക് പതിക്കുകയും ചെയ്തു. ആഗോള വിപണിയിലെ തളര്‍ച്ചയും ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിപണിയെ പിടിച്ചുലച്ച പ്രധാന ഘടകങ്ങള്‍

പശ്ചിമേഷ്യയിലെ കടുത്ത സംഘര്‍ഷം: ഇറാനില്‍ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങള്‍ നടത്തിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന്, നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി ലൈസന്‍സ് അമേരിക്ക റദ്ദാക്കി. ഇതോടെ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭീതി ശക്തമായി.

ക്രൂഡ് ഓയില്‍ വില കുതിക്കുന്നു: ഈ സംഭവങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.25 ശതമാനം വര്‍ധിച്ച് ബാരലിന് 77.31 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 4.22 ശതമാനം ഉയര്‍ന്ന് 73.41 ഡോളറുമായി. എണ്ണ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കൂട്ടുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യും.

'ഇന്ത്യ വിക്‌സ്': വിപണിയിലെ അനിശ്ചിതത്വത്തിന്റെ അളവുകോലായി കണക്കാക്കുന്ന 'ഇന്ത്യ വിക്‌സ്' 25.62 ശതമാനം കുതിച്ചുയര്‍ന്ന് 14.58 എന്ന നിലയിലെത്തി.

ആഗോള വിപണിയിലെ തളര്‍ച്ച: ഏഷ്യന്‍ വിപണികളെല്ലാം കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ജപ്പാന്റെ നിക്കേയ് 225, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രാത്രി അമേരിക്കന്‍ വിപണിയായ വാള്‍സ്ട്രീറ്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

ഡോളറിന് മുന്നില്‍ രൂപ തളര്‍ന്നു: വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 95.16 എന്ന നിലയിലെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷം, ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന, ഡോളര്‍ ശക്തമായത് എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ഓഹരികളിലെ പ്രകടനം

വിപണിയില്‍ പരക്കെ വിറ്റഴിക്കലാണ് ദൃശ്യമായത്. ഫിനാന്‍ഷ്യല്‍സ്, എഫ്.എം.സി.ജി ഓയില്‍ ആന്‍ഡ് ഗ്യാസ്, പ്രൈവറ്റ് ബാങ്ക്, ഹെല്‍ത്ത് കെയര്‍ ഓഹരികളെല്ലാം വലിയ നഷ്ടം നേരിട്ടു. എന്നാല്‍ റിയല്‍റ്റി മേഖല മാത്രമാണ് നേട്ടമുണ്ടാക്കിയ ചില മേഖലകളില്‍ ഒന്ന്.