Stock Market : നിക്ഷേപകർക്ക് ഒമിക്രോൺ ഭീതി; അമേരിക്കൻ ഓഹരി സൂചികകൾ കൂപ്പുകുത്തി

By Web TeamFirst Published Dec 14, 2021, 5:32 PM IST
Highlights

ലണ്ടനിലെ ഒമിക്രോൺ വ്യാപനവും യുകെയിലെ ഒമിക്രോൺ ബാധയെ തുടർന്നുള്ള മരണവുമാണ് വിപണിയിൽ ആശങ്ക വിതച്ചത്

ന്യൂയോർക്: അമേരിക്കൻ ഓഹരി സൂചികകൾ റെക്കോർഡ് നിലയിൽ തകർന്നു. കാർണിവൽ കോർപറേഷന്റെയും നിരവധി വിമാനക്കമ്പനികളുടെയും ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നതാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഈയാഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് യോഗത്തിനും ഓഹരി വിപണികളെ രക്ഷിക്കാനായില്ല.

ലണ്ടനിലെ ഒമിക്രോൺ വ്യാപനവും യുകെയിലെ ഒമിക്രോൺ ബാധയെ തുടർന്നുള്ള മരണവുമാണ് വിപണിയിൽ ആശങ്ക വിതച്ചത്. 40 ശതമാനത്തോളമാണ് വിമാനക്കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞത്. കാർണിവൽ കോർപറേഷൻ, നോർവീജിയൻ ക്രൂയിസ് ലൈൻ ഹോൾഡിങ്സ്, റോയൽ കരീബിയൻ ക്രൂയിസ് എന്നിവയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു.

ഗതാഗതം, റെസ്റ്റോറന്റ് സെക്ടറുകളിലെ ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടത്. ഒമിക്രോൺ വകഭേദം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് കാരണമാകുമെന്ന ഭീതിയാണ് ഇതിലേക്ക് നയിച്ചത്. ആപ്പിൾ കമ്പനിയുടെ മൂല്യം 0.7 ശതമാനം ഇടിഞ്ഞു.

ഫൈസർ കമ്പനിയുടെ മൂല്യം നാല് ശതമാനം ഉയർന്നു. അരീന ഫാർമസ്യൂട്ടികൽസ് കമ്പനിയെ ഏറ്റെടുക്കാനുള്ള 6.7 ബില്യൺ ഡോളർ കരാറാണ് ഇതിന് സഹായകരമായത്. അരീന ഫാർമസ്യൂട്ടികൽസിന്റെ ഓഹരികൾ ഒറ്റ ദിവസം കൊണ്ട് 80 ശതമാനം ഉയർന്നു.
 

click me!