
തുടർച്ചയായ നഷ്ടങ്ങൾക്കിടെ യു എസ് ട്രഷറി പലിശ നിരക്ക് കുറച്ചത് ഇന്ത്യയിൽ നിക്ഷേപകർക്ക് നേട്ടമായി. ഇന്ത്യൻ ഓഹരി വിപണി ഇന്ന് കുതിച്ചുയർന്നു. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ സെൻസെക്സ് 500 പോയിന്റും നിഫ്റ്റി 130 പോയിന്റും ഉയർന്നു. പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി ബോണ്ടുകളുടെ പലിശ നിരക്ക് കുറച്ചതാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. ഇതോടെ നിക്ഷേപകർ ബോണ്ടിൽ നിന്ന് ഓഹരിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. പ്രധാന ഏഷ്യൻ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ആഭ്യന്തര നിക്ഷേപകർ നേരത്തെ വിറ്റ ഓഹരികൾ തിരികെ വാങ്ങാൻ തുടങ്ങിയതും വിപണിക്ക് കരുത്തേകി. ഇതിനിടെ ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് വില ബാരലിന് 92 ഡോളര്‍ കടന്നത് ആശങ്കയുണ്ടാക്കി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് എണ്ണവില ഉയരാന്‍ കാരണം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര തുടങ്ങീ ഓഹരികളാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. എന്നാൽ റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഒഎൻജിസി എന്നീ ഓഹരികൾക്ക് നഷ്ടം നേരിട്ടു.