വിദേശ സെര്‍വറുകളില്‍ നിന്ന് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ മാസ്റ്റര്‍ കാര്‍ഡ് നീക്കം ചെയ്യുന്നു

By Web TeamFirst Published Dec 16, 2018, 6:05 PM IST
Highlights

ഇനിമുതല്‍ കാര്‍ഡ് വിവരങ്ങള്‍, കാര്‍ഡ് ഉടമകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം, ഇത്തരം വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല. 

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡ് വിദേശ സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യക്കാരുടെ കാര്‍ഡുകളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ അല്ലാതെ ലോകത്ത് മറ്റൊരിടത്തും സൂക്ഷിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നേരത്തെ സാമ്പത്തിക സേവന രംഗത്തെ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

റിസര്‍വ് ബാങ്കിന്‍റെ ഡേറ്റ ലോക്കലൈസേഷന്‍ നയത്തിന്‍റെ ഭാഗമാണിത്. സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ നേരത്തെ വിദേശ സെര്‍വറുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ കാര്‍ഡ് വിവരങ്ങള്‍, കാര്‍ഡ് ഉടമകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം, ഇത്തരം വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല. 

ആര്‍ബിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ ആറ് മുതല്‍ പൂനെയിലെ ടെക്നോളജി സെന്‍ററിലാണ് മാസ്റ്റര്‍ കാര്‍ഡ് ഉപഭോക്തക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ആര്‍ബിഐ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്‍റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ വിദേശ സെന്‍വറുകളില്‍ നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാസ്റ്റര്‍ കാര്‍‍ഡ് നീക്കം ചെയ്യുന്നത്. 

ഈ വര്‍ഷം ഏപ്രിലിലാണ് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 16 മുതല്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നടപ്പില്‍ വരുകയും ചെയ്തും.

click me!