സോഡാ നാരങ്ങാ വെള്ളം കുടിക്കാന്‍ ഇനി ചെലവേറും

By Web TeamFirst Published Dec 15, 2018, 10:17 AM IST
Highlights

അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും ഉല്‍പ്പന്നത്തെ ജിഎസ്ടിയുടെ പരിധിയിലാക്കിയതുമാണ് വില കൂട്ടാൻ കാരണം. 


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും ഉല്‍പ്പന്നത്തെ ജിഎസ്ടിയുടെ പരിധിയിലാക്കിയതുമാണ് വില കൂട്ടാൻ കാരണം. കമ്പനി സോഡ നിര്‍മ്മാതാക്കള്‍ രണ്ട് മാസം മുൻപ് വില കൂട്ടിയതിന് പിന്നാലെയാണ് ലോക്കല്‍ സോഡയുടെ വിലയും കൂട്ടിയത്.

വേനലില്‍ മലയാളിയുടെ ഇഷ്ട പാനീയത്തിന് ഇനി മുതല്‍ വിലകൂടും.  ശനിയാഴ്ച മുതലാണ് സോഡാ നാരങ്ങാ വെള്ളത്തിന് വില കൂടുക. കളറില്ലാത്ത കുപ്പി സോഡായ്ക്ക് അഞ്ചില്‍ നിന്നും ഏഴ് രൂപയും കളര്‍ സോഡയ്ക്ക് ഏഴില്‍ നിന്നും ഒൻപത് രൂപയുമാണ് കൂടുന്നത്. നിലവില്‍ പല സ്ഥലങ്ങളിലും സോഡാ നാരങ്ങാ വെള്ളത്തിന് പത്ത് രൂപയാണ് ഈടാക്കുന്നത്. ഇനിമുതല്‍ അത് 15 ആകും.

ആറ് വര്‍ഷം മുൻപാണ് അവസാനമായി സോഡയ്ക്ക് വിലകൂട്ടിയത്. ബാറുകളിലും ബേക്കറികളിലുമാണ് ലോക്കല്‍ സോഡ വ്യാപകമായി ഉപയോഗിക്കുന്നത്. സംസ്ഥാനത്താകെ 750 ലധികം സോഡാ നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പാലക്കാടും മലപ്പുറത്തും കൊല്ലത്തുമാണ് ഏറ്റവുമധികം യൂണിറ്റുകളുള്ളത്.
 

click me!