വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ആഫ്രിക്കയില്‍നിന്നു പയറുവര്‍ഗങ്ങളുടെ ഇറക്കുമതിക്കു നീക്കം

By Asianet NewsFirst Published Jun 20, 2016, 6:22 AM IST
Highlights

ദില്ലി: പയറു വര്‍ഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ ആഫ്രിക്കയുടെ സഹായം തേടും. ജൂലായില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.

പ്രതിവര്‍ഷം 230 മുതല്‍ 240 വരെ ടണ്‍ പയറുവര്‍ഗ്ഗങ്ങളുടെ ആവശ്യമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ ഉത്പാദിപ്പിക്കുന്നത് 170 ടണ്‍മാത്രം. ഇതാണ് പയറുവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു പ്രധാന തടസം. ഈ പ്രതിസന്ധി മറികടക്കാനാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം ഇന്ത്യ തേടുന്നത്.

ഉഴുന്നുപരിപ്പിന് കിലോക്ക് 196 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ ഇപ്പോഴത്തെ വില. തുവരപരിപ്പിന് 166 രൂപയും, ചെറുപയറിന് 125 രൂപയും കടല പരിപ്പിന് 105 രൂപയും വിലയുണ്ട്.  കാര്‍ഷിക ഉല്പാദന രംഗത്ത് പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ വിലക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്  പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ജൂലായ് ആദ്യവാരത്തില്‍ താന്‍സാനിയ, സൗത്ത്ആഫ്രിക, കെനിയ, മൊസാംബിക് എന്നീ രാഷ്ട്രങ്ങളാണു പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പയറുവര്‍ഗ്ഗങ്ങളുടെ വില സംബന്ധിച്ചും ലഭ്യത സംബന്ധുമുള്ള വിവരങ്ങള്‍ മന്ത്രാലയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം മറ്റ് സാമ്പത്തിക സഹകരണം സംബന്ധിച്ച ചര്‍ച്ചകളും പ്രധാനമന്ത്രി ആഫ്രിക്കന്‍ രാഷ്ട്ര തലവന്മാരുമായി നടത്തും.

 

 

 

click me!