
ദില്ലി: കേന്ദ്ര സര്‍ക്കാറിന്റെ അവസാന ബജറ്റിന് ഒരാഴ്ച മാത്രം ശേഷിക്കേ കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാറില്‍ നിന്നും ജനങ്ങള്‍ എപ്പോഴും സൗജന്യങ്ങളും ഇളവുകളും മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
വ്യാപകമായി വിമര്‍ശിക്കപ്പെട്ട തന്റെ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ശരിയെന്ന് സ്ഥാപിക്കാനും പ്രധാനമന്ത്രി അഭിമുഖത്തില്‍ ശ്രമിക്കുന്നു. നോട്ട് നിരോധനം ഒരു വലിയ വിജയഗാഥയായിരുന്നു. ചരക്ക് സേവന നികുതിയിലെ പഴുതുകള്‍ അടച്ച് ഒരു രാജ്യം ഒരു നികുതി ഘടന എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാറിന് തുറന്ന സമീപനമാണ്. തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന ആരോപണങ്ങള്‍ മോദി നിഷേധിച്ചു. ഇക്കാര്യത്തില്‍ നുണപ്രചാരണങ്ങളാണ് നടക്കുന്നത്. തൊഴില്‍ സൃഷ്‌ടിക്കുന്ന നയമാണ് തന്റെ സര്‍ക്കാറിനുള്ളത്. കാര്‍ഷിക രംഗത്ത് പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മോദി, എന്നാല്‍ അത് പരിഹരിക്കേണ്ടത് കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാറുകളുടെയും ബാധ്യതയാണെന്നും പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റെന്ന നിലയില്‍ ജനപ്രിയമായിരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യം ധനകാര്യ മന്ത്രിയുടെ പരിഗണനയിലാണെന്നും അതില്‍ താന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സാധാരണക്കാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അല്ല താല്‍പ്പര്യമെന്ന് ഗുജറാത്തിലെ മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയുമായും തന്നെ മനസിലാക്കിയവര്‍ക്ക് അറിയാം. നല്ല ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. എല്ലാതെ സൗജന്യങ്ങളുടെ ഇളവുകളുമാണ് ജനം ആഗ്രഹിക്കുന്നതെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.