നെഫ്റ്റ് വഴിയുള്ള പണം കൈമാറ്റങ്ങള്‍ ഇനി ഇരട്ടിവേഗത്തില്‍

By Web DeskFirst Published May 9, 2017, 10:33 AM IST
Highlights

ദില്ലി: രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള പണം കൈമാറ്റത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT) പരിഷ്കരിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ നെഫ്റ്റ് വഴി എളുപ്പത്തില്‍ പണമയക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുണ്ടെങ്കിലും അയയ്ക്കുന്ന പണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒരു മണിക്കൂറോളം വൈകുന്നുവെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.

നിലവില്‍ രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ 12 തവണയാണ് ബാങ്കുകള്‍ നെഫ്റ്റ് വഴിയുള്ള പണം കൈമാറ്റം നടത്തുന്നത്. ശനിയാഴ്ചകളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആറ് തവണയും പണം അയക്കപ്പെടുന്നു. ഇത് ഇരട്ടിയാക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ സാധാരണ ദിവസങ്ങളില്‍ 23 തവണ ബാങ്കുകള്‍ തമ്മില്‍ പണം കൈമാറും. എന്നുവെച്ചാല്‍ നിലവില്‍ നിങ്ങള്‍ മറ്റൊരാള്‍ അയയ്ക്കുന്ന പണം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ ഇനി അത് അര മണിക്കൂര്‍ കൊണ്ട് ലഭിക്കും. ബാങ്കുകളിലേക്ക് ഇങ്ങനെ ലഭിക്കുന്ന പണം ഉടന്‍ തന്നെ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്ത് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് സോഫ്റ്റ്‍വെയ്റുകളിലും മറ്റ് സംവിധാനങ്ങളിലും മാറ്റം വരുത്തണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവിലുണ്ട്. നെഫ്റ്റ് വഴി കൈമാറാവുന്ന പണത്തിന് റിസര്‍വ് ബാങ്ക് പരിധി വെച്ചിട്ടില്ലെങ്കിലും ബാങ്കുകള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികാരം നല്‍കിയിട്ടുണ്ട്. പരമാവധി 10 ലക്ഷം രൂപയാണ് എസ്.ബി.ഐ നെഫ്റ്റ് ട്രാന്‍സ്ഫര്‍ വഴി കൈമാറാന്‍ അനുവദിക്കുന്നത്.

click me!