റെയില്‍, വിമാന, റോഡ് യാത്രാ നിരക്ക് കുറയും; പുതിയ ജി.എസ്.ടി നിരക്കുകള്‍ ഇങ്ങനെ...

By Web DeskFirst Published May 19, 2017, 12:34 PM IST
Highlights

ട്രെയിന്‍-വിമാന-റോഡ് യാത്ര നിരക്കും സിനിമ ടിക്കറ്റ് നിരക്കുകളും ഹോട്ടല്‍ ഭക്ഷണ വിലയും കുറയാന്‍ വഴിയൊരുക്കി ചരക്ക് സേവന നികുതിയിലെ സേവന നികുതി നിരക്കുകള്‍ തീരുമാനിച്ചു. ബാങ്ക് ഇടപാടിലെ സര്‍വ്വീസ് ചാര്‍ജ്, ടെലിഫോണ്‍ ഫോണ്‍ നിരക്കുകള്‍ ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ എന്നിവയ്‌ക്ക് അധിക വില നല്‍കേണ്ടി വരും. ബീഡി-സ്വര്‍ണം ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന ഉത്പന്നങ്ങളുടെ നികുതി നിശ്ചയിക്കാന്‍ അടുത്ത മാസം മൂന്നിന് ജി.എസ്.ടി കൗണ്‍സില്‍ വീണ്ടും യോഗം ചേരും.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവന മേഖലകളെ സേവന നികുതിയില്‍ നിന്ന്  ഒഴിവാക്കിയാണ് ജി.എസ്.ടി  സേവന നികുതി നിരക്കുകള്‍ തീരുമാനിച്ചത്. 5, 12, 18, 28 ശതമാനങ്ങളിലായി സേവന നികുതി തരം തിരിച്ചു. ടാക്‌സി സര്‍വ്വീസുകളടക്കമുള്ള ഗതാഗത മേഖലയെ അഞ്ച് ശതമാനത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ട്രെയിന്‍-വിമാന-റോഡ് യാത്ര നിരക്കുകള്‍ കുറയും. മെട്രോ, തീര്‍ത്ഥ യാത്രകള്‍ എന്നിവയേയും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലകോം മേഖലകളിലെ നികുതി നിലവിലെ 15 ശതനമാത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയതോടെ ടെലഫോണ്‍ നിരക്കും ബാങ്കിങ് ഇടപാടിലെ സര്‍വ്വീസ് ചാര്‍ജും ഉയരും. ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തിലാണ് സിനിമ ശാലകള്‍ക്കെങ്കിലും വിനോദ നികുതിയും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കൂടില്ല. 

ശീതികരിക്കാത്ത ഹോട്ടലുകള്‍ക്ക് 12 ശതമാനവും മദ്യം വിളമ്പുന്ന ശീതികരിച്ച ഹോട്ടലുകള്‍ക്ക് 18 ശതമാനവും നികുതി ഈടാക്കും. മുറിയ്‌ക്ക് ആയിരം രൂപയില്‍ താഴെ ദിവസ വാടകയുള്ള ഹോട്ടലുകള്‍ക്ക് നികുതിയില്ല. 1000 രൂപ മുതല്‍ 2500 രൂപ വരെയുള്ളവയ്‌ക്ക് 12 ശതമാനവും 2500 മുതല്‍ 5000 രൂപ വരെ ദിവസ വാടകയുള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തും. 5000ത്തിന് മുകളില്‍ ഒരു മുറിയ്‌ക്ക് നല്‍കേണ്ട ഹോട്ടലുകള്‍ പരമാവധി നികുതിയായ 28 ശതമാനം നല്‍കണം. ഇടത്തരം ഹോട്ടലുകളില്‍ ഭക്ഷണ വില കുറയാന്‍ വഴിയൊരുങ്ങി. എട്ട് ശതമാനം നികുതിയുള്ള ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്കും വില കൂടും.

എന്നാല്‍ സ്വര്‍ണം, ബീഡി, ബിസ്‍ക്കറ്റ്, പായ്‌ക്ക് ചെയ്ത ഭക്ഷണം തുടങ്ങിയവയുടെ നികുതി നിരക്ക് തീരുമാനിച്ചില്ല. ബീഡിയെ സെസില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വര്‍ണത്തിന് നിര്‍ദ്ദിഷ്‌ട നികുതിയായ രണ്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. അടുത്ത മാസം മൂന്നിന് ദില്ലിയില്‍ ചേരുന്ന പതിനഞ്ചാം ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

click me!