പുതുവര്‍ഷത്തില്‍ എണ്ണവിലയിലും വന്‍ വര്‍ദ്ധനവ് വരുന്നു?

By Web DeskFirst Published Dec 24, 2017, 4:15 PM IST
Highlights

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. വെള്ളിയാഴ്ച്ച  അസംസ്കൃത എണ്ണവില ബാരലിന് 65.25 ഡോളറിലെത്തി. രണ്ടര വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വിലയാണിത്. 2015 മേയിലാണ് ഇതിന് മുമ്പ് അസംസ്കൃത എണ്ണവില ഈ നിലവാരത്തിലെത്തിയത്. വില പിടിച്ചുനിര്‍ത്തുന്നതിനായി ഉല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷം അവസാനം വരെ തുടരാനുള്ള ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ആഭ്യന്തര വിപണിയിലും വൈകാതെ വില വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

വിപണിയില്‍ ആവശ്യത്തിലേറെ എണ്ണ ലഭ്യമാകുന്ന സ്ഥിതി ഉണ്ടാവരുതെന്നാണ് ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ധാരണയായത്. 2018 പകുതുയോടെ മാത്രമേ വിപണിയില്‍ സന്തുലിതത്വം കൈവരുകയുള്ളൂ. അതിന് ശേഷം മാത്രമായിരിക്കും ഉല്‍പ്പാദന നിയന്ത്രണം സംബന്ധിച്ച് ഇനി തീരുമാനത്തില്‍ മാറ്റം വരുത്തുക. അമേരിക്കയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുകമാത്രമാണ് ഇതിനൊരു പ്രതിവിധി. മറ്റ് ഉല്‍പ്പാദക രാജ്യങ്ങള്‍ വില വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഇത് മുതലെടുത്ത് അമേരിക്കന്‍ എണ്ണക്കമ്പനികള്‍ ലാഭമുണ്ടാക്കുമെന്ന ആശങ്കയും മറ്റ് രാജ്യങ്ങള്‍ക്കുണ്ട്. എന്നിരുന്നാലും പരമാവധി 63 ഡോളറിലേക്ക് മാത്രമേ വില കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് വിദഗ്ദാഭിപ്രായം. അങ്ങനെയാകുമ്പോള്‍ ഇപ്പോഴുള്ള എണ്ണവില പുതുവര്‍ഷത്തില്‍ വീണ്ടും ഉയരാനാണ് സാധ്യത.

click me!