മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ 100 ശതമാനം പിഴ

By Web DeskFirst Published Feb 5, 2017, 9:17 AM IST
Highlights

ന്യൂ‍ഡല്‍ഹി: മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു പണം ഉപയോഗിച്ചാൽ 100ശതമാനം പിഴ ചുമത്തുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണു പുതിയ നടപടിയെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിയ വ്യക്തമാക്കി.

എത്ര തുക പണമായി ഉപയോഗിക്കുന്നുവോ അത്രയും തുക പിഴയായും നൽകേണ്ടി വരുമെന്നാണ് ആദിയ പറയുന്നത്. 4 ലക്ഷം ആയാലും 40 ലക്ഷം ആയാലും അതേ തുക പിഴയായി നല്‍കേണ്ടിവരുമെന്നും പണം സ്വീകരിക്കുന്ന ആളായിരിക്കും പിഴ ഒടുക്കേണ്ടിവരികയെന്നും ആദിയ പറഞ്ഞു.

മൂന്ന് ലക്ഷത്തിനു മുകളിലുള്ള കച്ചവടത്തിനു പണമായി വാങ്ങിയാൽ കച്ചവടക്കാരൻ പിഴ നൽകണം. കൂടുതൽ തുകയ്ക്കുള്ള ഇടപാടുകളിൽ പണം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനാണു ഈ വ്യവസ്ഥയെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.

നോട്ടു നിരോധനത്തെ തുടര്‍ന്ന് വന്‍ തുകയുടെ കള്ളപ്പണം കണക്കിൽ കൊണ്ടുവന്നു. ഇനി സർക്കാർ ശ്രമിക്കുന്നത് അതിന്റെ ഉത്ഭവം തടയാനാണെന്നും വലിയ തുകയ്ക്കുള്ള പണമിടപാടുകൾ സർക്കാർ നിരീക്ഷിക്കുമെന്നും ആദിയ വ്യക്തമാക്കി.

മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ നിരോധിക്കണമെന്ന നിർദ്ദേശം 2017-18 ബജറ്റിൽ അവതരിപ്പിച്ചിരുന്നു.

click me!