പെട്രോള്‍ വില എട്ട് മാസത്തെ താഴ്ന്ന നിലയില്‍:ഡീസല്‍ വില 3 മാസത്തെ കുറഞ്ഞ വിലയില്‍

By Web TeamFirst Published Nov 29, 2018, 7:59 PM IST
Highlights

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള എണ്ണ ഉത്പാദനമാണ് നവംബറില്‍ സൗദി നടത്തിയതെന്നാണ് റി്പോര്‍ട്ടുകള്‍. 

ദില്ലി:കഴിഞ്ഞ നാല്‍പ്പത് ദിവസത്തിനിടെ ആഗോളവിപണിയിലുണ്ടായ ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് അഭ്യന്തര വിപണിയിലും ഇന്ധനവില കുറയുന്നു. നിലവില്‍ പെട്രോള്‍ വില എട്ട് മാസത്തെ താഴ്ന്ന നിലയിലും ഡീസല്‍ കഴിഞ്ഞ മൂന്ന് മാസത്തെ താഴ്ന്ന നിലയിലുമാണ്. വ്യാഴാഴ്ച്ച പെട്രോള്‍ വിലയില്‍ 33 പൈസയുടേയും ഡീസല്‍ വിലയില്‍ 36 പൈസയുടേയും കുറവുണ്ടായി. ദില്ലിയില്‍ വ്യാഴാഴ്ച പെട്രോളിന് 73.24 രൂപയും മുംബൈയില്‍ 78.80 രൂപയുമാണ്. ഡീസലിന് യഥാക്രമം 68.31 രൂപയും 71.33 രൂപയുമാണ്. 

കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടയില്‍ പെട്രോളിന് പത്ത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറഞ്ഞത്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെയാണ് ആഗോളവിപണിയില്‍ എണ്ണ വില ഇടിയാനാരംഭിച്ചത്. പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രമായ ഇറാനെതിരെ അമേരിക്ക സാന്പത്തിക ഉപരോധം ശക്തമാക്കുകയും സുഹൃത് രാഷ്ട്രങ്ങളോട് ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സൗദി അറേബ്യ തങ്ങളുടെ എണ്ണ ഉത്പാദനം വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവിലുള്ള എണ്ണ ഉത്പാദനമാണ് നവംബറില്‍ സൗദി നടത്തിയതെന്നാണ് റി്പോര്‍ട്ടുകള്‍. 

click me!