മില്ലേനിയലുകളുടെ നിക്ഷേപ രീതികളില്‍ നിന്ന് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പഠിക്കാനുണ്ട്.
മില്ലേനിയലുകളെ (1981-നും 1996-നും ഇടയില്‍ ജനിച്ചവര്‍) പലപ്പോഴും വലിയ റിസ്‌ക് എടുക്കുന്നവരും നിക്ഷേപകാര്യങ്ങളില്‍ വ്യക്തതയില്ലാത്തവരുമായാണ് പഴയ തലമുറ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്; പരമ്പരാഗത നിക്ഷേപ ശീലങ്ങളെ അവര്‍ അടിമുടി മാറ്റിയെഴുതുകയാണ്. ഡോട്ട്-കോം തകര്‍ച്ചയും ആഗോള സാമ്പത്തിക മാന്ദ്യവും പോലെയുള്ള വലിയ സാമ്പത്തിക പ്രതിസന്ധികള്‍ കണ്ട് വളര്‍ന്നവരാണ് ഇവര്‍. തങ്ങളുടെ ചെറുപ്പത്തില്‍ തന്നെ ബാങ്കുകള്‍ തകരുന്നതും ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നതും ഓഹരിവിപണി കൂപ്പുകുത്തുന്നതും അവര്‍ കണ്ടു. അതുകൊണ്ടുതന്നെ പരമ്പരാഗത ബാങ്കുകളെ അവര്‍ക്ക് പൂര്‍ണ്ണ വിശ്വാസമില്ല. പകരം, സ്വന്തം പണത്തിന്റെ നിയന്ത്രണം നേരത്തെ തന്നെ അവര്‍ ഏറ്റെടുത്തു. 'മില്ലേനിയലുകള്‍ നിക്ഷേപം തുടങ്ങുന്ന സമയത്ത് തന്നെ വലിയ സാമ്പത്തിക തകര്‍ച്ചകള്‍ നേരിട്ടവരാണ്,' സാമ്പത്തിക വിദഗ്ദ്ധയായ തെരേസ ഗ്രീനിപ്പ് വ്യക്തമാക്കുന്നു.
മില്ലേനിയലുകളുടെ നിക്ഷേപ രീതികളില്‍ നിന്ന് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പഠിക്കാനുണ്ട്. ആ 5 പാഠങ്ങള്‍ താഴെ പറയുന്നവയാണ്:
1. സ്മാര്‍ട്ട്‌ഫോണ്‍ തന്നെ ബാങ്ക്
മൊബൈല്‍ ഇന്‍വെസ്റ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച് വളര്‍ന്ന ആദ്യ തലമുറയാണ് മില്ലേനിയലുകള്‍. റോബോ-അഡൈ്വസര്‍മാര്‍, ബഡ്ജറ്റിംഗ് ആപ്പുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയാണ് ഇവരുടെ ആയുധങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപമുള്ളതും ഇവര്‍ക്കാണ്. കിപ്ലിഞ്ചര്‍ റിപ്പോര്‍ട്ട് പ്രകാരം, ഇവര്‍ സാങ്കേതികവിദ്യയെ വലിയ തോതില്‍ ആശ്രയിക്കുന്നു. കുറഞ്ഞ തുകയാണെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരത്തെ തന്നെ നിക്ഷേപം തുടങ്ങാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ നേരത്തെയുള്ള തുടക്കം വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം വേഗത്തില്‍ കണ്ടെത്താന്‍ അവരെ സഹായിക്കുമെന്ന് വിദഗ്ദ്ധനായ സ്റ്റീവ് അസൗറി പറയുന്നു.
2. അമിത വാര്‍ത്തകളില്‍ വീഴാതിരിക്കുക
സാങ്കേതികവിദ്യ ഒരുപാട് വിവരങ്ങള്‍ നല്‍കുമെങ്കിലും അത് ചിലപ്പോള്‍ ദോഷം ചെയ്യും. നിരന്തരമുള്ള വാര്‍ത്തകളും, സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും, ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ഉപദേശങ്ങളും കണ്ട് പെട്ടെന്ന് വൈകാരികമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ പ്രേരിപ്പിക്കപ്പെട്ടേക്കാം. പെട്ടെന്നുള്ള ഇത്തരം തീരുമാനങ്ങള്‍ ദീര്‍ഘകാല നിക്ഷേപത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ദൈനംദിന വാര്‍ത്തകളിലെ ബഹളങ്ങളെ അവഗണിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുക എന്നതാണ് പ്രധാന പാഠം.
3. റിസ്‌ക് എടുക്കാന്‍ ഭയമില്ല
ക്രിപ്‌റ്റോ പോലെയുള്ള ഹൈ-റിസ്‌ക് മേഖലകളില്‍ നിക്ഷേപിക്കാന്‍ ഇവര്‍ക്ക് മടിയില്ല. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പഠനമനുസരിച്ച്, 62% മില്ലേനിയലുകളും തങ്ങളുടെ സമ്പാദ്യത്തിന്റെ മൂന്നിലൊന്നെങ്കിലും ക്രിപ്‌റ്റോയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. വേഗത്തില്‍ പണം വളര്‍ത്താന്‍ ഇത്തരം റിസ്‌ക്കുകള്‍ സഹായിക്കുമെങ്കിലും, വിരമിക്കല്‍ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ക്രിപ്‌റ്റോയിലേക്ക് മാറ്റുന്നത് അപകടമാണെന്നും വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
4. പലവഴിക്ക് വരുമാനം
സര്‍ക്കാരിന്റെ പെന്‍ഷനെയോ മറ്റു പദ്ധതികളെയോ മാത്രം ആശ്രയിക്കാന്‍ ഈ തലമുറ തയ്യാറല്ല. ഭാവിയില്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കുറഞ്ഞേക്കാമെന്ന് അവര്‍ ഭയക്കുന്നു. അതിനാല്‍ സ്വന്തമായി സമ്പാദ്യം ഉണ്ടാക്കുന്നതിലാണ് അവരുടെ ശ്രദ്ധ. പാര്‍ട്ട് ടൈം ജോലികളിലൂടെയും മറ്റും ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും നേരത്തെ തന്നെ ആസൂത്രണം ചെയ്യാനും അവര്‍ ശ്രമിക്കുന്നു.
5. മൂല്യങ്ങള്‍ക്കും പ്രകൃതിക്കും മുന്‍ഗണന സ്വന്തം മൂല്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് പ്രകാരം 70% പേരും 'സുസ്ഥിരത' പോലെയുള്ള മൂല്യങ്ങള്‍ നോക്കിയാണ് ബാങ്കുകളെ തിരഞ്ഞെടുക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായതും ധാര്‍മ്മികമായി പ്രവര്‍ത്തിക്കുന്നതുമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഇവര്‍ക്ക് താല്പര്യം. ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം പണവും വളര്‍ത്താം എന്ന് അവര്‍ വിശ്വസിക്കുന്നു.
ചുരുക്കത്തില്‍ മില്ലേനിയലുകള്‍ നല്‍കുന്ന പാഠം:
മില്ലേനിയലുകള്‍ പൂര്‍ണ്ണമായും പെര്‍ഫെക്റ്റ് ആയ നിക്ഷേപകരല്ല, പക്ഷേ അവര്‍ മികച്ച ടൂളുകള്‍ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയും അച്ചടക്കവും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. വിപണിയിലെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ അവഗണിച്ച്, ആപ്പുകളിലൂടെ ഓട്ടോമാറ്റിക് ആയി സമ്പാദിക്കുന്നത് ശീലമാക്കുക. സാങ്കേതികവിദ്യയും ക്ഷമയും ചേര്‍ന്നതാണ് മികച്ച ആധുനിക നിക്ഷേപ രീതി എന്നതാണ് ഈ തലമുറ നല്‍കുന്ന ഏറ്റവും വലിയ പാഠം.