2026 ജനുവരിയിൽ ഒപ്പുവെച്ച ആദ്യ ധാരണാപത്രത്തിൽ നിന്നുള്ള സുപ്രധാനമായ മുന്നേറ്റമാണിത്. ഇന്ത്യയിൽ ഒരു സമ്പൂർണ്ണ റീജിയണൽ വിമാന നിർമ്മാണ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കമ്പനി

ദില്ലി: ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രയറും ഇന്ത്യയുടെ എയ്‌റോസ്‌പേസ്, പ്രതിരോധ രംഗത്തെ പ്രമുഖരായ അദാനി ഡിഫൻസ് & എയ്‌റോസ്‌പേസും സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ റീജിയണൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി E175 റീജിയണൽ ജെറ്റുകൾ നിർമ്മിക്കുന്നതിനുള്ള അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ സ്ഥാപിക്കാനാണ് ധാരണ. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിൽ എംബ്രയർ സിഇഒ ഫ്രാൻസിസ്കോ ഗോമസ് നെറ്റോയും അദാനി ഡിഫൻസ് & എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനിയും ധാരണാപത്രം കൈമാറി.

2026 ജനുവരിയിൽ ഒപ്പുവെച്ച ആദ്യ ധാരണാപത്രത്തിൽ നിന്നുള്ള സുപ്രധാനമായ മുന്നേറ്റമാണിത്. ഇന്ത്യയിൽ ഒരു സമ്പൂർണ്ണ റീജിയണൽ വിമാന നിർമ്മാണ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് കമ്പനികൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഈ കരാർ ഇന്ത്യയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. E175 വിമാനങ്ങൾക്കായുള്ള ഒരു വ്യാവസായിക ആവാസവ്യവസ്ഥ സ്ഥാപിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. വിമാന നിർമ്മാണം, വിതരണ ശൃംഖല, വിൽപ്പനാനന്തര സേവനങ്ങൾ, പൈലറ്റ് പരിശീലനം, നിർദ്ദിഷ്ട അസംബ്ലി യൂണിറ്റിനെ പിന്തുണയ്ക്കുന്നതിനുള്ള ഓർഡറുകൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരു കമ്പനികളും ഇതിനകം തന്നെ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ചെറു നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ല്. ഉഡാൻ പോലുള്ള പദ്ധതികൾ ടയർ 2, ടയർ 3 നഗരങ്ങളിലെ വ്യോമയാത്രാ സൗകര്യങ്ങൾ മാറ്റിമറിക്കുകയാണ്. അതുകൊണ്ട് തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് അദാനി ഡിഫൻസ് & എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യ. അടുത്ത 20 വർഷത്തിനുള്ളിൽ 80 മുതൽ 146 വരെ സീറ്റുകളുള്ള കുറഞ്ഞത് 500 വിമാനങ്ങളെങ്കിലും ഇന്ത്യക്ക് ആവശ്യമായി വരുമെന്നാണ് കണക്കുകൾ. കാര്യക്ഷമമായ ചെറു വിമാനങ്ങൾ ഉപയോഗിച്ചുള്ള പ്രാദേശിക കണക്റ്റിവിറ്റിക്ക് വലിയ ആവശ്യകതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

88 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന E175 റീജിയണൽ ജെറ്റ്, ഇന്ത്യയിലെ ടയർ-2, ടയർ-3 നഗരങ്ങളെ ബന്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമാണ്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാത്ത റൂട്ടുകളിൽ സർവീസ് നടത്താനും പുതിയ റൂട്ടുകൾ കണ്ടെത്താനും E175 വിമാനങ്ങൾക്ക് സാധിക്കും. ഇത് ഉഡാൻ പദ്ധതിക്ക് വലിയ കരുത്ത് പകരുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.