
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി. ഘട്ടം ഘട്ടമായി പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്രധനകാര്യവകുപ്പ് സെക്രട്ടറി ഹസ്മുഖ് ഹദിയ പറഞ്ഞു. അതേസമയം പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ജിഎസ്ടി കൗൺസിലായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയെന്ന് കസ്റ്റംസ് ബോർഡ് ചെയർമാൻ എസ്.രമേശ് പറഞ്ഞു.
നിലവിൽ പെട്രോളിയം,ഡീസൽ,ക്രൂഡോയിൽ, പ്രകൃതിവാതകം, വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന എവിയേഷൻ ടർബൈൻ ഫ്യുയൽ എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എവിയേഷൻ ടർബൈന്റെ വില നിരന്തരമായി വർധിക്കുന്നതിൽ കേന്ദ്രവ്യോമയാന മന്ത്രാലയം നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്. വിമാനക്കമ്പനികളുടെ നടത്തിപ്പ് ചിലവിലും വ്യോമയാത്ര നിരക്കിലും എവിയേഷൻ ടർബൈന്റ വില നിർണായകമാണ് ഇൗ സാഹചര്യത്തിൽ എവിയേഷൻ ഫ്യുയലിന്റെ നികുതി നിരക്കിൽ കുറവ് വരുത്തണമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ നിലപാട്.
പ്രകൃതിവാതകവും, എവിയേഷൻ ടർബൈൻ ഫ്യുയലും ജിഎസ്ടിയിൽ കൊണ്ടു വരുന്നതിനോട് ധനകാര്യമന്ത്രാലയത്തിന് അനുകൂലനിലപാട് ആണുള്ളത്. അതിനാൽ ആദ്യഘട്ടത്തിൽ ഇവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചേക്കും. എന്നാൽ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ എല്ലാം സംസ്ഥാനങ്ങളും ഒരേസ്വരത്തിൽ എതിർക്കുകയാണ്.
നികുതി വരുമാനത്തിലുണ്ടാവുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങൾ ഇൗ നിർദേശത്തെ എതിർക്കുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മുന്നിൽ നിർത്തി ഇൗ ആവശ്യം ജിഎസ്ടി കൗൺസിലിൽ എത്തിക്കാനും അംഗീകാരം നേടിയെടുക്കാനുമായിരിക്കും കേന്ദ്രസർക്കാരിന്റെ നീക്കം. ഇൗ വർഷം തന്നെ ഇക്കാര്യത്തിൽ നിർണായക തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.