Latest Videos

രാഷ്ട്രീയക്കാര്‍ക്ക് രണ്ടായിരത്തില്‍ കൂടുതല്‍ പണമായി കൊടുക്കരുതെന്ന് ആദായനികുതി വകുപ്പ്

By Web DeskFirst Published Jan 23, 2018, 2:49 PM IST
Highlights

ദില്ലി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ആദായനികുതി വകുപ്പ്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുമ്പോള്‍ രണ്ടായിരം രൂപ വരെ മാത്രമേ നേരിട്ട് പണമായി നല്‍കാവൂ എന്നും അതിലേറെയുള്ള തുകയാണെങ്കില്‍ ഇ-ബാങ്കിംഗ് വഴിയോ എസ്ബിഐ ബോണ്ടുകള്‍ വഴിയോ നല്‍കണമെന്നുമാണ് ആദായനികുതി വകുപ്പ് രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ഇതേക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളിലെല്ലാമുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് ആദായനികുതിവകുപ്പിന്റെ ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നേരത്തെ തിരഞ്ഞെടുപ്പ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വിജ്ഞാപനം ചെയ്തു പുറപ്പെടുവിച്ചിരുന്നു. എസ്.ബി.ഐയുടെ തിരഞ്ഞെടുത്ത ബ്രാഞ്ചുകളിലാണ് ഈ ബോണ്ടുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ജനുവരി,ഏപ്രില്‍,ജൂലൈ,ഒക്ടോബര്‍ മാസങ്ങളില്‍ പത്ത് ദിവസം വീതം ഇവിടെ നിന്നും ബോണ്ടുകള്‍ ലഭ്യമായിരിക്കും. 

20,000- രൂപയില്‍ കൂടുതല്‍ പണമായി ഒരിടപാടിലും ചിലവഴിക്കരുതെന്നും ആദായനികുതി വകുപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് ഇടപാടുകളില്‍ 10,000-ത്തില്‍ കൂടുതല്‍ പണമായി ചിലവിടരുതെന്നാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. ഈ പരിധി മറികടന്നാല്‍ അധികനികുതിയോ പിഴയോ ഒടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തങ്ങളെ അറിയിക്കണമെന്നും ആദായനികുതി വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കറന്‍സിരഹിത സാമ്പത്തിക ഇടപാടുകളെ പ്രൊത്സാഹിപ്പിക്കുക, സമ്പദ് വ്യവസ്ഥയേയും രാഷ്ട്രീയരംഗത്തേയും ശുദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആദായനികുതി വകുപ്പിന്റെ പുതിയ നടപടികള്‍.
 

click me!