
പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്‍റേഷനെ ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. 2017 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 53.02 കോടി രൂപയായിരുന്നു കമ്പനി ഏറ്റെടുക്കുന്നതിനായി കേരളം നല്‍കേണ്ടിയിരുന്ന വില. എന്നാല്‍, ഇപ്പോള്‍ കേരളം നല്‍കേണ്ട തുകയില്‍ 11 കോടി വര്‍ദ്ധനയുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിലെ ഉല്‍പാദനം വര്‍ദ്ധിച്ചതോടെ ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡിന്‍റെ ആസ്തിയിലുണ്ടായ വര്‍ദ്ധയാണ് ഏറ്റെടുക്കല്‍ തുകയിലും വര്‍ദ്ധനവ് വരുത്തിയത്. ഇതോടെ കേരളം ഇനി കമ്പനി ഏറ്റെടുക്കാന്‍ 64 കോടി രൂപ നല്‍കേണ്ടി വരും.
എന്നാല്‍, ഏറ്റെടുക്കല്‍ വില ഉയര്‍ന്നെങ്കിലും കമ്പനിയെ ഏറ്റെടുക്കാനുളള നടപടിയുമായി മുന്നോട്ട് പോകുകയാണ് കേരള സര്‍ക്കാര്‍. വില 64 കോടിയായി ഉയര്‍ന്നെങ്കിലും ഓഡിറ്റ് നടപടികള്‍ പൂര്‍ണ്ണമായാല്‍ മാത്രമേ കമ്പനിയുടെ വില ഔദ്യോഗികമായി നിശ്ചയിക്കുകയെള്ളൂ.
2018 സെപ്റ്റംബര്‍ 30 ലെ കമ്പനിയുടെ സ്ഥിതി വിവര കണക്കുകള്‍ പ്രകാരമാണ് വില കണക്കാക്കുന്നത്. ആസ്തി വില നല്‍കാതെ കമ്പനി ഏറ്റെടുത്ത് നടത്താമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തുടക്കത്തിലെ നിലപാട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് തയ്യാറാകത്തതിനാലാണ് വില നല്‍കി ഇന്‍സ്ട്രുമെന്‍റേഷനെ ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.