സംസ്ഥാനത്ത് ആറ് മാസത്തിനിടെ സര്‍വ്വീസ് നിര്‍ത്തിയത് 1500-ലേറെ സ്വകാര്യ ബസുകള്‍

By Web TeamFirst Published Sep 25, 2018, 11:28 AM IST
Highlights

ജൂലൈ ഒന്ന് മുതലുളള റോഡ് നികുതി പിഴ കൂടാതെ അടയ്ക്കേണ്ടത് ഓഗസ്റ്റ് 14 ആയിരുന്നെങ്കിലും പ്രതിസന്ധി മൂലം 40 ശതമാനത്തിലേറെ ബസുടമകള്‍ നികുതി അടച്ചിട്ടില്ല. സെപ്റ്റംബര്‍ 30 വരെ സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ സര്‍വീസ് അനവസാനിപ്പിക്കാനാണ് ബസുടമകളുടെ നീക്കം.

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളില്‍ നിന്നും സ്വകാര്യ ബസുകള്‍ അപ്രത്യക്ഷമാകുന്നു. ആറ് മാസത്തിനിടെ സംസ്ഥാനത്ത് 1500ലേറെ ബസുകളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇന്ധന വില വര്‍ദ്ധന അടക്കമുളള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ അനുമതി തേടി 14 ബസ് ഉടമകള്‍ സമര്‍പ്പിച്ച അപേക്ഷ കൊല്ലം ആര്‍ടിഓ ബോര്‍ഡ് ഇന്ന് പരിഗണിക്കും.

85 വര്‍ഷമായി തിരുവനന്തപുരത്ത് സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന ആര്‍കെവി ട്രാന്‍സ്പോര്‍ട്ടിന്‍റെ നിലവിലെ സാരഥി സന്തോഷിന്‍റെ വാക്കുകളില്‍ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴമുണ്ട്. ഒരു കാലത്ത് 125 ബസുകള്‍ വരെ സര്‍വീസ് നടത്തിയിരുന്ന ആര്‍കെവിയുടെ ഉടമസ്ഥതയില്‍ ഇപ്പോഴുളളത് 25 ബസുകള്‍ മാത്രം. ഇതില്‍ സര്‍വീസ് നടത്തുന്നതാകട്ടെ പത്തെണ്ണം. ബാക്കിയെല്ലാം നഷ്ടം മൂലം നിര്‍ത്തിയിട്ടിരിക്കുന്നു. 2011-ല്‍ 34.000 ബസുകളുണ്ടായിരുന്ന കേരളത്തിലെ നിരത്തുകളില്‍ നിലവിലുളളത് 12,500 ബസുകള്‍ മാത്രമെന്നാണ് ബസ് ഉടമകളുടെ കണക്ക്.

ഡീസല്‍ വില ലീറ്ററിന് 64ല്‍ നില്‍ക്കുന്പോഴായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ടിക്കറ്റ് നിരക്ക് അവസാനം ഉയര്‍ത്തിയത്. എണ്ണവില 80ല്‍ എത്തിയതോടെ ദിവസം ഇന്ധനയിനത്തില്‍ മാത്രമുളള നഷ്ടം 2000രൂപയിലേറെ. റോഡ് നികുതി ഇനത്തില്‍ വര്‍ഷം 1,20000 രൂപ അടയ്ക്കണം. സ്പെയര്‍പാര്‍ട്സിന്‍റെയും മറ്റും വിലവര്‍ദ്ധനെയത്തുടര്‍ന്നുളള അധികച്ചിലവ് വേറെ. 

പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ കൂനിന്‍മേല്‍ കുരുവാകുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടുന്ന ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്.... ബസുകളുടെ സര്‍വീസ് കാലാവധി 15ല്‍ നിന്ന് 20 ആയി ഉയര്‍ത്തണം.വിദ്യാര്‍തഥികളുടെയടക്കമുളള സൗജന്യയാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരണം, അല്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഇപ്പോള്‍ മുന്‍പോട്ട് വയ്ക്കുന്നത്. 

ജൂലൈ ഒന്ന് മുതലുളള റോഡ് നികുതി പിഴ കൂടാതെ അടയ്ക്കേണ്ടത് ഓഗസ്റ്റ് 14 ആയിരുന്നെങ്കിലും പ്രതിസന്ധി മൂലം 40 ശതമാനത്തിലേറെ ബസുടമകള്‍ നികുതി അടച്ചിട്ടില്ല. സെപ്റ്റംബര്‍ 30 വരെ സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ സര്‍വീസ് അനവസാനിപ്പിക്കാനാണ് ബസുടമകളുടെ നീക്കം.

click me!