കേന്ദ്ര ബജറ്റ്; പൊതുമേഖല ഓഹരി വില്‍പ്പന പുതിയ റെക്കോര്‍ഡിലേക്ക് എത്തും

By Web TeamFirst Published Jan 25, 2019, 3:34 PM IST
Highlights

ഇനി വരാന്‍ പോകുന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പന പവന്‍ ഹാന്‍സിന്‍റേതാകും. ഈ വരുന്ന മാര്‍ച്ചില്‍ പവന്‍ ഹാന്‍സിന്‍റെ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് വിവരം. നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 51 ശതമാനവും ഒഎന്‍ജിസിക്ക് 49 ശതമാനവുമാണ് പവന്‍ ഹാന്‍സിലെ ഓഹരി വിഹിതം.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ നേടിയത് റെക്കോര്‍ഡ് തുകയാണ്. 77,417 കോടി രൂപ!. 2019 ലും സമാനമായ നയത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ വര്‍ഷം 2018 നെക്കാള്‍ ഉയര്‍ന്ന ധനസമാഹരണം ഓഹരി വില്‍പ്പനയിലൂടെ കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതായാണ് ബിസിനസ് ലൈന്‍ അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ ബജറ്റില്‍ ഇതുകൂടി കണക്കിലെടുത്താകും പൊതുമേഖലയ്ക്കുളള സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും നിര്‍ണ്ണയിക്കപ്പെടുക.

എച്ച്പിസിഎല്ലിന്‍റെ ഓഹരി വില്‍പ്പന, ഭാരത്-22 ഇടിഎഫ്, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില്‍പ്പന, ആറ് ഐപിഒകള്‍ (പ്രാഥമിക ഓഹരി വില്‍പ്പന) തുടങ്ങിയവയിലൂടെയാണ് സര്‍ക്കാര്‍ 77,417 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചത്. ഇത് കൂടാതെ എയര്‍ ഇന്ത്യയിലെ 74 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 

ഇനി വരാന്‍ പോകുന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പന പവന്‍ ഹാന്‍സിന്‍റേതാകും. ഈ വരുന്ന മാര്‍ച്ചില്‍ പവന്‍ ഹാന്‍സിന്‍റെ ഓഹരി വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് വിവരം. നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 51 ശതമാനവും ഒഎന്‍ജിസിക്ക് 49 ശതമാനവുമാണ് പവന്‍ ഹാന്‍സിലെ ഓഹരി വിഹിതം. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍, ഓയില്‍ ഇന്ത്യ, എന്‍എല്‍സി, ബിഎച്ച്ഇഎല്‍, നാല്‍കോ തുടങ്ങിയവയുടെ ഓഹരി വില്‍പ്പനയും പിന്നാലെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബജറ്റില്‍ പൊതുമേഖല ഓഹരി വില്‍പ്പനയ്ക്ക് സഹായകരമായ രീതിയിലുളള ധനവിഹിത വിതരണമാകും ഉണ്ടാകുക. എങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വന്‍ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  

click me!