രത്തന്‍ ടാറ്റയ്ക്കെതിരെ പുതിയ ആരോപണവുമായി മിസ്ത്രി; ടിസിഎസിനെ വില്‍ക്കാന്‍ ശ്രമിച്ചു

By Web DeskFirst Published Nov 23, 2016, 5:47 AM IST
Highlights

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ അഭിമാന സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഐ.ബി.എമ്മിന് വില്‍ക്കാന്‍ ഒരുവേള രത്തന്‍ ടാറ്റ ശ്രമിച്ചുവെന്ന് സൈറസ് മിസ്‌ത്രി. ടിസിഎസ്സിന്റെ അന്നത്തെ സിഇഒ എതിര്‍ത്തതോടെയാണ് പദ്ധതി പൊളിഞ്ഞതെന്നും സൈറസ് മിസ്‌ത്രി വെളിപ്പെടുത്തി. സൈറസ് മിസ്ത്രിയുടെ ഓഫീസ് പുറത്തുവിട്ട അഞ്ച് പേജുള്ള കത്തിലാണ് രത്തന്‍ ടാറ്റയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നത്.

മിസ്ത്രി കമ്പനിക്കായി ചെയ്ത കാര്യങ്ങള്‍ ഓരോന്നായി കത്തില്‍ അക്കമിട്ട് പറയുകയും ചെയ്യുന്നുണ്ട്. ഐ.ടി കമ്പനിയായ ടി.സി.എസ് ഐ.ബി.എമ്മിന് വില്‍ക്കണമെന്ന കാര്യം മൂന്ന് പതിറ്റാണ്ട് മുന്‍പ് രത്തന്‍ ടാറ്റ ജെആര്‍ഡി ടാറ്റയ്‌ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ടിസിഎസ്സിന്റെ അന്നത്തെ സിഇഒ എഫ് സി കൊഹ്‌ലി എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ആശ്രമം നടക്കാതെ പോയത് എന്നും കത്തില്‍ പറയുന്നു. 1980കളില്‍ ടിസിഎസ്സും ഐബിഎമ്മും സംയുക്ത സംരംഭങ്ങളായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഇന്ന് ഏറെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്.

രത്തന്‍ ടാറ്റയുടെ അഹങ്കാരം കാരണം കോറസ് ഇടപാടില്‍ തെറ്റായ ബിസിനസ് തീരുമാനമുണ്ടായി എന്നും അതുവഴി ഇരട്ടി തുകക്കാണ് ഇടപാട് നടന്നതെന്നുമാണ് മിസ്ത്രിയുടെ മറ്റൊരു ആരോപണം. ടിസിഎസ്, ജാഗ്വാര്‍ ലാന്റ് റോവര്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നും മിസ്‌ത്രി പറയുന്നു. സൈറസ് മിസ്ത്രിയുടെ കാലത്ത് ടാറ്റ സണ്‍സിന് അഭിമാനകരമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല എന്ന രത്തന്‍ ടാറ്റയുടെ കുറ്റപ്പെടുത്തലിന് മറുപടിയായാണ് മിസ്‌ത്രിയുടെ ഇപ്പോഴത്തെ ആരോപണം.

 

click me!