
ദില്ലി: ഈ കലണ്ടർ വർഷത്തെ റിസർവ് ബാങ്കിന്‍റെ അവസാനത്തെ പണനയം ഇന്ന് പ്രഖ്യാപിക്കും. പക്ഷേ പലിശ നിരക്കിലെ ഇളവിന് സാധ്യതയില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ കുറയാത്തതാണ് പ്രശ്നം. എന്നാൽ സാമ്പത്തിക വളർച്ച തിരിച്ച് പിടിക്കാനായി പലിശ നിരക്ക് കുറച്ച് പണലഭ്യത ഉയർത്തണമെന്നാണ് കേന്ദ്രസർക്കാരിന്‍റെ ആവശ്യം.
പലിശ നിരക്ക് നിശ്ചയിക്കുന്നതിനായി ഇന്നലെയും ഇന്നുമായി ചേരുന്ന ധനനയസമിതി യോഗത്തിൽ കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഏഴ് മാസത്തെ ഉയരത്തിൽ നിൽക്കുന്നതിനാൽ കേന്ദ്രസർക്കാർ ആവശ്യത്തിന് യോഗത്തിൽ സ്വീകാര്യത കിട്ടാനിടയില്ല. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതും അമേരിക്കൻ കേന്ദ്ര ബാങ്ക് ഈ മാസം പലിശ നിരക്ക് കൂട്ടാനൊരുങ്ങുന്നതും നാണ്യപ്പെരുപ്പം ഇനിയും ഉയർത്തിയേക്കും.
ഒക്ടോബറിൽ ചേർന്ന കഴിഞ്ഞ അവലോകന യോഗത്തിലും ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് നിലവിൽ ആറ് ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്. നോട്ടസാധുവാക്കൽ ഒരു വർഷം പിന്നിട്ടതിന്‍റെ പശ്ചാലത്തിൽ വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കി വളർച്ച ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആർബിഐ സ്വീകരിച്ചേക്കും. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ച് പിടിച്ച് പണലഭ്യത ഉറപ്പാക്കാനാകും ശ്രമം. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പുതിയ പണനയം പ്രഖ്യാപിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.