100 കോടിയുടെ 100 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നേപ്പാളിന് നല്‍കുന്നു

By Web DeskFirst Published Jan 7, 2017, 1:14 PM IST
Highlights

അടുത്തിടെയാണ് 100 കോടിയുടെ നോട്ടുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് നേപ്പാളിനെ സന്നദ്ധത അറിയിച്ചത്. ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം നേപ്പാളില്‍ കറന്‍സി മാറ്റി വാങ്ങാന്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. പൗരത്വം പരിശോധിച്ച ശേഷം ഒരാള്‍ക്ക് പരമാവധി 2000 ഇന്ത്യന്‍ രൂപയാണ് ഇപ്പോള്‍ നേപ്പാള്‍ മാറ്റി നല്‍കുന്നത്.  ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് 10,000 രൂപയും ചികിത്സക്കായി പോകുന്നവര്‍ക്ക് 25,000 രൂപയും നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് കൂടുതല്‍ നോട്ടുകള്‍ നല്‍കുന്നതുവരെ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്ക് അറിയിച്ചത്. ഇന്ത്യ നോട്ട് നല്‍കാമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഈ മാസം തന്നെ ഇവ രാജ്യത്തെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം.

പ്രതിവര്‍ഷം 600 കോടി ഇന്ത്യന്‍ രൂപയാണ് നേപ്പാളി കറന്‍സിയുമായി മാറുന്നതിന് റിസര്‍വ് ബാങ്ക് നല്‍കി വന്നിരുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം 120 കോടി മാത്രമാണ് നല്‍കിയത്. ഇന്ത്യയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന നേപ്പാളി പൗരന്മാരടക്കമുള്ളവരുടെ പക്കല്‍ പിന്‍വലിച്ച ഇന്ത്യന്‍ നോട്ടുകള്‍ ഉണ്ടെന്ന് നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. നേപ്പാളിലെ ബാങ്കിങ് സംവിധാനത്തിലടക്കമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് കോടിയിലധികം രൂപയ്ക്കുള്ള 500, 1000 രൂപാ നോട്ടുകള്‍ രാജ്യത്ത് ഉണ്ടാകുമെന്നാണ് നേപ്പാള്‍ രാഷ്ട്ര ബാങ്കിന്റെ കണക്ക്.

click me!