റിസര്‍വ് ബാങ്ക് നയപ്രഖ്യാപനം ബുധനാഴ്ച്ച; പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രവചനം

By Web TeamFirst Published Dec 3, 2018, 2:55 PM IST
Highlights

സാമ്പത്തിക വളര്‍ച്ച നിരക്ക് കഴിഞ്ഞ മൂന്ന് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുകയാണെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് സൂചന. അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപ ശക്തിപ്രാപിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് അനുകൂല ഘടകങ്ങളാണ്.

മുംബൈ: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുളള അധികാര തര്‍ക്കം നിലനില്‍ക്കുന്നതിടെ റിസര്‍വ് ബാങ്കിന്‍റെ പണനയസമിതിയുടെ യോഗം തിങ്കളാഴ്ച്ച ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ബുധനാഴ്ച്ച അവസാനിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നയപ്രഖ്യാപനം നടക്കുക. 

സാമ്പത്തിക വളര്‍ച്ച നിരക്ക് കഴിഞ്ഞ മൂന്ന് പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി നില്‍ക്കുകയാണെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തില്ലെന്നാണ് സൂചന. അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപ ശക്തിപ്രാപിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്ന വാദവും രാജ്യത്ത് ശക്തമാണ്. 

റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് കൊടുക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ 6.50 ശതമാനമാണ്. രാജ്യത്തെ പണപ്പെരുപ്പത്തിന്‍റെ തോത് നിയന്ത്രിതമായി നില്‍ക്കുന്നതും റിസര്‍വ് ബാങ്കിന് നയരൂപീകരണം നടത്താന്‍ ആത്മവിശ്വാസം നല്‍കുന്നു. 

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) ജിഡിപി 7.1 ലേക്ക് കൂപ്പുകുത്തിയിരുന്നു. ജിഡിപിയിലുണ്ടായ ഇടിവ് കാരണം പലിശ നിരക്കുകളില്‍ തത്കാലം മാറ്റമില്ലാതെ തുടരുന്നതാണ് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുരക്ഷിതമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

click me!