നാട്ടിലേക്ക് സ്ഥിരമായി മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; എന്‍ആര്‍ഇ നിക്ഷേപത്തിന്‍റെ പലിശയ്ക്ക് നികുതി വരും

Published : Nov 26, 2026, 12:42 PM IST
returning nre investors alert interest on nre deposits may become taxable in india

Synopsis

വിദേശ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങുമ്പോള്‍ എന്‍ആര്‍ഇ അക്കൗണ്ടിലെ നിക്ഷേപത്തിന് എന്തു സംഭവിക്കും? വിശദമായറിയാം.

വിദേശ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങുമ്പോള്‍ എന്‍ആര്‍ഇ അക്കൗണ്ടിലെ നിക്ഷേപത്തിന് എന്തു സംഭവിക്കും? സ്ഥിരനിക്ഷേപത്തിന്‍റെ കാലാവധി തീരും വരെ പലിശയ്ക്ക് നികുതിയിളവ് ലഭിക്കുമോ? നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണിവ.

എന്‍ആര്‍ഇ നിക്ഷേപങ്ങളിലെ പലിശയ്ക്ക് നികുതിയിളവ് ലഭിക്കുന്നത് എപ്പോള്‍?

ആദായനികുതി നിയമപ്രകാരം എന്‍ആര്‍ഇ അക്കൗണ്ടില്‍നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയില്‍ നികുതിയിളവുണ്ട്. എന്നാല്‍, ഈ ഇളവ് ലഭിക്കാന്‍ അക്കൗണ്ട് ഉടമ 1999-ലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമമായ ഫെമ പ്രകാരം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്ന വ്യക്തി, അഥവാ 'പേഴ്‌സണ്‍ റെസിഡന്‍റ് ഔട്ട്‌സൈഡ് ഇന്ത്യ' , ആയിരിക്കണം. ഫെമ പ്രകാരം ഒരാളുടെ താമസസ്ഥിതി നിര്‍ണയിക്കുന്നതിനുള്ള പൊതുമാനദണ്ഡം, തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ 182 ദിവസത്തിലധികം താമസിച്ചിട്ടുണ്ടോ എന്നതാണ്. എന്നാല്‍, ഈ മാനദണ്ഡത്തിന് ചില പ്രത്യേക ഇളവുകളുണ്ട്.

ജോലി, ബിസിനസ്, അല്ലെങ്കില്‍ എത്രകാലമെന്നു നിശ്ചയിക്കാതെ ഇന്ത്യയില്‍ തുടരാനുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്ന മറ്റേതെങ്കിലും ആവശ്യത്തിനായി മടങ്ങിയെത്തുന്നയാളെ, തിരിച്ചെത്തിയ ദിവസം മുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയായി കണക്കാക്കും. 'പേഴ്‌സണ്‍ റെസിഡന്‍റ് ഇന്‍ ഇന്ത്യ' എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ 182 ദിവസമെന്ന വ്യവസ്ഥ ബാധകമല്ല. ഉദാഹരണത്തിന്, 2026 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് സ്ഥിരമായി മടങ്ങുന്ന ഒരാളെ പരിഗണിക്കാം. സ്ഥിരമായുള്ള മടക്കം, കാലാവധി നിശ്ചയിക്കാതെ ഇന്ത്യയില്‍ താമസിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്നതിനാല്‍, തിരിച്ചെത്തുന്ന ദിവസം മുതല്‍ ആ വ്യക്തി ഫെമ പ്രകാരം പിആര്‍ഐ ആയിരിക്കും.

സ്ഥിരനിക്ഷേപം അതേപടി തുടരാമോ?

ഫെമ പ്രകാരമുള്ള താമസസ്ഥിതി പിആര്‍ഒഐയില്‍നിന്ന് പിആര്‍ഐയിലേക്ക് മാറിയാല്‍, എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങള്‍ ഉടന്‍തന്നെ റെസിഡന്‍റ് നിക്ഷേപങ്ങളാക്കി മാറ്റണം. പകരമായി, ഈ സ്ഥിരനിക്ഷേപങ്ങളിലെ പണം റെസിഡന്‍റ് ഫോറിന്‍ കറന്‍സി അക്കൗണ്ടിലേക്കു മാറ്റാനും കഴിയും. ഇത്തരത്തില്‍ മാറ്റം വരുത്താതെ എന്‍ആര്‍ഇ സ്ഥിരനിക്ഷേപം തുടരാന്‍ ഫെമ അനുവദിക്കുന്നില്ല. അങ്ങനെ തുടരുന്നത് ഫെമ ചട്ടങ്ങള്‍ പാലിക്കാത്ത നടപടിയാകും. ബാങ്ക് സ്ഥിരനിക്ഷേപം കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരാന്‍ അനുവദിച്ചാലും നികുതിയുടെ കാര്യത്തില്‍ ഇളവുണ്ടാകില്ല. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ദിവസം മുതല്‍ എന്‍ആര്‍ഇ സ്ഥിരനിക്ഷേപത്തില്‍ ലഭിക്കുന്ന പലിശ ഇന്ത്യയില്‍ നികുതിക്ക് വിധേയമാകും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ക്രെഡിറ്റ് കാര്‍ഡ് പരിധി ഇരട്ടിയിലേറെയാകും; ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഓഫര്‍
സ്വര്‍ണവില ഒരു മാസത്തിനിടെ ഇടിഞ്ഞത് 8%; ഇനി കുതിക്കുമോ, കുറയുമോ? ശ്രദ്ധിക്കാം ഈ 6 കാര്യങ്ങള്‍