കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഫലിച്ചു തുട‍ങ്ങി; രൂപ മെച്ചപ്പെടുന്നു

By Web TeamFirst Published Sep 27, 2018, 11:54 AM IST
Highlights

കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 19 ഉല്‍പ്പന്നങ്ങളുടെ  ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു.

മുംബൈ: വിനിമയ വിപണിയില്‍ രൂപ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. രാവിലെ വിനിമയ നിരക്കില്‍ 22 പൈസയുടെ വര്‍ദ്ധന രേഖപ്പെടുത്തിയ രൂപ ഡോളറിനെതിരെ നിലവില്‍ 72.38 എന്ന നിലയിലാണിപ്പോള്‍.

കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 19 ഉല്‍പ്പന്നങ്ങളുടെ  ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു. ഈ പ്രഖ്യാപനമാണ് ഇന്ന് രൂപയുടെ മൂല്യം മെച്ചപ്പെടുന്നതിന് കാരണമായത്.  സര്‍ക്കാരിന്‍റെ ഈ നടപടി ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ രാജ്യത്തിന്‍റെ വ്യാപാര കമ്മിയ്ക്ക് കുറവുണ്ടാവും. വ്യാപാര കമ്മി കുറയുന്നതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മിയും കുറയാനിടയാകും.

ഏപ്രില്‍ -ജൂണ്‍ പാദത്തിലെ കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ 19 ഉല്‍പ്പന്നങ്ങള്‍ക്കുമായി ഇന്ത്യ ചെലവാക്കിയ ആകെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയാണ്. ഈ വര്‍ഷം ഇന്ത്യന്‍ നാണയത്തിന് ഇതുവരെ 13 ശതമാനത്തില്‍ കൂടുതല്‍ ഇടിവുണ്ടായിട്ടുണ്ട്. 

രണ്ടര ശതമാനം മുതൽ ‍ 10 ശതമാനം വരെയാണ് ഇറക്കുമതി തീരുവ ഉയർത്തിയത്. എസി, റെഫ്രിജറേറ്റര്‍ , വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയടക്കമുള്ള 19 ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. വ്യാഴാഴ്ച്ച അർധരാത്രി മുതല്‍ നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വരും. ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നതോടെ രൂപയ്ക്ക് കൂടുതല്‍ നേട്ടമുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.      

click me!