ആറ് വയസുകാരന്‍ റയാന്റെ വാര്‍ഷിക വരുമാനം 70 കോടി

By Web DeskFirst Published Dec 11, 2017, 9:52 AM IST
Highlights

ആറ് വയസാണ് റയാന്റെ പ്രായം. എന്നാല്‍ മുതിര്‍ന്നവരില്‍ ഭൂരിപക്ഷത്തിന് പോലും സ്വപ്നം കാണാനാവത്തത്രയാണ് അവന്റെ വരുമാനം. ജോലി ചെയ്യുന്നത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെ. മറ്റൊന്നുമല്ല യുട്യൂബിലൂടെ കളിപ്പാട്ടങ്ങളുടെ റിവ്യൂ നടത്തിയാണ് ഈ പണമൊക്കെയുണ്ടാക്കുന്നത്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനമാണ് റയാന്.

കളിപ്പാട്ടങ്ങളോട് ഏറെ ഇഷ്‌ടമുണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. 2015ലായിരുന്നു ഇത്. അന്ന് നാല് വയസായിരുന്നു അവന് പ്രായം. RyanToysreview എന്ന പേരില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ പബ്ലിഷ് ചെയ്യാന്‍ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. 2015 ജൂലൈയില്‍ ചിത്രീകരിച്ച ഒരു വീഡിയോ 801,624,333  പേരാണ് ഇതിനോടകം കണ്ടത്. മാതാപിതാക്കളുടെ സഹായത്തോടെയാണ് റയാന്‍ റിവ്യൂ നടത്തുന്നത്. ചിത്രീകരവും എഡിറ്റിങ്ങുമൊക്കെ മാതാപിതാക്കള്‍ ചെയ്യും. മാസം ഒരു മില്യന്‍ ഡോളറിലധികമാണ് വരുമാനം. പ്രതിവര്‍ഷം 70 കോടി ഇന്ത്യന്‍ രൂപയോളം വരും യുട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം. പ്രശസ്തനായതോടെ പല പ്രമുഖ കളിപ്പാട്ട കമ്പനികളും തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ റയാന് അയച്ചുകൊടുത്ത് റിവ്യൂ ചെയ്യിക്കുന്നുണ്ട് ഇപ്പോള്‍.

10,134,637 സബ്സ്ക്രൈബേഴ്‌സാണ് റയാന്റെ യുട്യൂബ് ചാനലിനുള്ളത്. ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

click me!