ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമോ?

By Web DeskFirst Published Oct 19, 2016, 12:49 PM IST
Highlights

വിവിധ ബാങ്കുകളുടെ എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനവും അട്ടിമറിച്ച് പണം കവരുന്ന സംഘങ്ങള്‍ വ്യാപകമായതോചടെ ഉപയോക്താക്കളില്‍ പലരും ആശങ്കയിലാണ്. തങ്ങളുടേതല്ലാത്ത എടിഎം നെറ്റ്‍വര്‍ക്കില്‍ നിന്നാണ് എസ്ബിഐക്ക് നേരെ സുരക്ഷാ ഭീഷണിയുണ്ടായത്. കാര്‍ഡുകളിലെയും ഉപയോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകള്‍ നെറ്റ്‍വര്‍ക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്രയധികം കാര്‍ഡുകള്‍ ഒരുമിച്ച് ബ്ലോക്ക് ചെയ്തത്. നെറ്റ്‍വര്‍ക്കില്‍ നിന്ന് കരസ്ഥമാക്കിയ രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തിയേക്കാമെന്ന ഭീഷണിയുള്ളതിനാലാണ് നടപടി. എസ്.ബി.ഐക്ക് പുറമേ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെയും കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ട വിവരം ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയുമാണ് ഉപയോക്താക്കളെ അറിയിച്ചത്. അതത് ശാഖകളുമായി ബന്ധപ്പെട്ടാല്‍ സൗജന്യമായി പുതിയ കാര്‍ഡ് നല്‍കുമെന്നാണ് എസ്ബിഐയുടെ വാഗ്ദാനം. രാജ്യത്തെ ബാങ്കിങ് ചരിത്രത്തില്‍ ഇത്രയധികം കാര്‍ഡുകള്‍ മാറ്റി നല്‍കുന്ന ആദ്യ സംഭവമായിരിക്കും ഇതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഇതിന് പുറമേ വിവിധ ബാങ്കുകളും എടിഎം പിന്‍ നമ്പര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് എസ്എംഎസുകള്‍ അയക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പിന്‍ നമ്പര്‍ മാറ്റാത്ത കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനിടെയാണ് തങ്ങളുടെ സര്‍വറിലും തട്ടിപ്പ് ശ്രമം നടന്നതായി പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് രേഖാമൂലം റിസര്‍വ്വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്. മോസ്കോ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് സുരക്ഷാ ഏജന്‍സിയായ കാസ്പെറസ്കിയാണ് ആക്സിസ് ബാങ്ക് സെര്‍വറുകളില്‍ തട്ടിപ്പ് ശ്രമം നടന്നതായി ബാങ്കിനെ അറിയിച്ചത്. തുടര്‍ന്ന് ബാങ്കിന്റെ ഐടി വിഭാഗം നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. ഒരു പ്രമുഖ സ്വകാര്യ ഏജന്‍സിയെ തട്ടിപ്പ് ശ്രമം അന്വേഷിക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോഴും സെര്‍വറില്‍ ഈ മാല്‍വെയര്‍ അവശേഷിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുകയാണ്. ചൈനയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ആവാം അട്ടിമറി ശ്രമമെന്നാണ് കരുതപ്പെടുന്നത്.

ഇന്ന് കൊച്ചിയിലും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടന്നതോടെ ഉപഭോക്താക്കളുടെ ആശങ്ക ഇരട്ടിയായിട്ടുണ്ട്. എടിഎം പിന്‍ മാറ്റുന്നതും ഇത് മറ്റാരും അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും മാത്രമാണ് ഉപയോക്താക്കള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന മുന്‍കരുതല്‍. ഇതോടൊപ്പം വണ്‍ ടൈം പാസ്‍വേഡും കാര്‍ഡ് വിവരങ്ങളും ചോദിക്കുന്ന ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്നും ബാങ്കുകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തരം മുന്‍കരുതരുകളെല്ലാം സ്വീകരിച്ചിട്ടും പണം നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ പരാതി. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളെടുക്കുമ്പോഴും തട്ടിപ്പ് തുടരുന്നത് ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് പരമ്പാരഗത മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ പലരേയും പ്രേരിപ്പിച്ചിട്ടുണ്ട്.

click me!