എസ്ബിടിയ്ക്ക് ആയുസ് ഇനി ഒരു ദിവസം മാത്രം

By Web DeskFirst Published Mar 30, 2017, 6:32 PM IST
Highlights

കൊച്ചി:  കേരളത്തിന്റെ സ്വന്തം ബാങ്ക് എസ്ബിടിയ്ക്ക് ഇനി ഒരു ദിവസത്തെ ആയുസ് മാത്രം. ഏപ്രില്‍ ഒന്നിന് എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. ലയത്തിന് ശേഷമുള്ള നടപടിക്രമങ്ങളെക്കുറിച്ച് എസ്ബിടി ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ആരംഭിച്ച് 72 വര്‍ഷം പ്രവര്‍ത്തന നിരതമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കാലയവനികയിലേക്ക് മറയുകയാണ്. എപ്രില്‍ ഒന്ന് മുതല്‍ എസ്ബിടി ബോര്‍ഡുകളില്‍ എസ്ബിഐ എന്ന് തെളിയും. ഒപ്പം 1,177 ബ്രാഞ്ചുകളും 14,195 ജീവനക്കാരും ലക്ഷക്കണക്കിന് ഉപഭോക്താക്കളും എസ്ബിഐയില്‍ ലയിക്കും. 

ലയനത്തിന് ശേഷം ഒരറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ ബാങ്കില്‍ തന്നെ ഓണ്‍ലൈന്‍ ഇടപാട് നടത്തണമെന്ന അറിയിപ്പ് എസ്ബിടി ഉപഭോക്താക്കളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. തസ്തിക വെട്ടിക്കുറച്ചേക്കുമോ എന്ന ആശങ്ക ജീവനക്കാര്‍ക്കിടയിലും നിലനില്‍ക്കുന്നു.
ആഠ
രേഖകളില്‍ എസ്ബിടി എന്നത് എസ്ബിഐ ആകുമെന്നത് ഒഴിച്ചാല്‍ ലയനം ഇടപാടുകാരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചു. എസ്ബിടിയുടെ ചെക്ക് ബുക്കും എടിഎം കാര്‍ഡും തുടര്‍ന്നും ഉപയോഗിക്കാം. മൂന്ന് മാസത്തിനുള്ളില്‍ ഇവ മാറ്റിനല്‍കും. 23 ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും കൃത്യത വന്നേക്കും. 

ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിടി എംഡി, എസ്ബിഐ ചീഫ് ജനറല്‍ മാനേജരായി മാറും. തിരുവനന്തപുരത്തെ എസ്ബിടി ആസ്ഥാന മന്ദിരം എസ്ബിഐ കേരള സര്‍ക്കിള്‍ ആസ്ഥാനമാകും. വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബാങ്ക് തുറക്കില്ല. ഞായറാഴ്ചയും അവധിയാണ്. തിങ്കാളാഴ്ച മുതല്‍ എസ്ബിടി ഉപഭോക്താക്കള്‍ ഇടപാടുകള്‍ക്കായി എസ്ബിഐ ഓഫീസിലേക്കെത്തുന്നതിന് ചരിത്രം സാക്ഷിയാകും.
 

click me!