ഏക ജിഎസ്ടി നിരക്ക് പരിഹാസ്യ നിര്‍ദേശം: പിയൂഷ് ഗോയല്‍

By Web DeskFirst Published Jul 10, 2018, 6:55 PM IST
Highlights
  • 'അവശ്യസാധനങ്ങള്‍ക്ക് 18 ശതമാനം നികുതി നടപ്പാക്കിയാല്‍ വിലക്കയറ്റത്തിന് കാരണമാവും'

ദില്ലി: ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴില്‍ ഒറ്റ നികുതി നിരക്ക് നടപ്പാക്കണമെന്നുള്ള നിര്‍ദ്ദേശം പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നിലവില്‍ ജിഎസ്ടിക്ക് കീഴില്‍ അഞ്ച് നികുതി സ്ലാബുകളാണുളളത്. ഇവ നീക്കം ചെയ്ത് ഏക നികുതി സ്ലാബ് നടപ്പാക്കണമെന്നാണ് പല കോണുകളില്‍ നിന്നും നിര്‍ദ്ദേശം ഉയരുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. 

2019 ല്‍ അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ ഒറ്റനികുതി സംവിധാനം നടപ്പാക്കുമെന്ന കോണ്‍ഗ്രസ്സിന്‍റെ പ്രസ്താവന രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 18 ശതമാനം എന്ന സ്ലാബ് നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുളളവ എടുത്തുകളയുന്നത് പാവപ്പെട്ടവരുടെ സാമ്പത്തികസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഉപ്പ്, പഞ്ചസാര, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതി നല്‍കിയാല്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് അത് കാരണമാവും. മെഴ്സിഡസ് ബെന്‍സ്, എയര്‍ക്രാഫ്റ്റ് എന്നിവയ്ക്ക് എങ്ങനെയാണ് കുറഞ്ഞ നികുതി പ്രഖ്യാപിക്കുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ പറഞ്ഞു തരണമെന്നും ഗോയല്‍ പറഞ്ഞു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ജിഎസ്ടി വീണ്ടും രാഷ്ട്രീയ പ്രാധാന്യമുളള വിഷയമായി ഉയര്‍ന്നുവരുന്നതിന്‍റെ സൂചനകളായാണ് ഗോയലിന്‍റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

click me!