
ദില്ലി: ചില ചെറു സേവിങ്സ് സ്കീമുകളുടെ പലിശ നിരക്ക് കേന്ദ്രസർക്കാർ ഉയർത്തി. 30 ബേസിസ് പോയിന്‍റ് വരെയാണ് വർദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ പോസ്റ്റോഫീസിൽ മൂന്നുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് നിലവിൽ കിട്ടിയിരുന്ന അഞ്ചര ശതമാനം പലിശ 5.8 ശതമാനമായി ഉയരും. മുതിർന്ന പൗരന്മാർക്കുള്ള സേവിങ്സ് സ്കീം പലിശ നിരക്ക് നിലവിലെ 7.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമാക്കി ഉയർത്തി.
രാജ്യത്തെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ഇടപെടലുകൾ ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി വായ്പാ പലിശ നിരക്ക് 140 ബേസിസ് പോയിന്റ് വരെ റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്ന പുതിയ മാറ്റം നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദവാർഷികം മുതൽ നിലവിൽ വരുമെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.
നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്നു; അറിയാം ഈ സർക്കാർ പദ്ധതിയെ
അതേസമയം നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന മറ്റൊരു പദ്ധതിയെക്കുറിച്ചാണ് ഇനി പറയുന്നത്. സർക്കാരിന്‍റെ പിന്തുണയോടെ സാധാരണക്കാർക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി നിക്ഷേപ പദ്ധതികളുള്ള പോസ്റ്റ് ഓഫീസിലാണ് ഇതിനുള്ള വഴികളുള്ളത്. സാധാരണയായി മറ്റ് നിക്ഷേപ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. നിക്ഷേപത്തിൽ റിസ്കുകൾ എടുക്കാൻ താല്പര്യമില്ലാത്ത വ്യക്തികൾക്ക് തപാൽ വകുപ്പിന്റെ കീഴിലുള്ള കിസാൻ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. നൽകുന്ന പണം ഇരട്ടിയായി തിരികെ ലഭിക്കുമെന്നതാണ് പോസ്റ്റ് ഓഫീസുകളിലെ ഈ പദ്ധതിയുടെ സവിശേഷത.
കിസാൻ വികാസ് പത്ര പദ്ധതിയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ഈ പദ്ധതി 1988 ലാണ് ആരംഭിച്ചത്. പദ്ധതിക്കു കീഴിൽ നിലവിൽ 6.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 124 മാസമാണ് പദ്ധതിയുടെ കാലാവധിയുണ്ടായിരിക്കുക. അതായത് 10 വർഷവും നാലു മാസവും എന്ന് ചുരുക്കി വായിക്കാം. ഈ കാലയളവിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കുമെന്നതാണ് കിസാൻ വികാസ് പത്ര പദ്ധതിയുടെ പ്രത്യേകത.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.