ഹര്‍ത്താലില്‍ ആയിരം കോടിയുടെ നഷ്ടമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ്

By Web TeamFirst Published Sep 10, 2018, 1:40 PM IST
Highlights

ഭാരതബന്ദ് കേരളത്തിന് പുറത്ത് രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞ് 3 വരെ മാത്രമാണ്. പൊതുജീവിതത്തെ കാര്യമായി ബാധിക്കാത്ത രീതിയിലാണ് അവിടെ സമരം നടക്കുന്നത്. കേരളത്തിലാകട്ടെ രാവിലെ 6 മുതല്‍ 12 മണിക്കൂര്‍ ഹര്‍ത്താലാണ്.

തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനക്കെതിരായ ഹര്‍ത്താലില്‍  കേരളത്തിന് കുറഞ്ഞത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ വിലയിരുത്തല്‍. സര്‍ക്കാരിന്‍റെ നികുതി വരുമാനം ഇല്ലാതാക്കുന്ന സമരപരിപാടികളില്‍, പുനര്‍ചിന്തനം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ വാര്‍ഷിക പദ്ധതിയേക്കാള്‍ വലിയ നഷ്ടമാണ് പ്രളയം മൂലം  ഉണ്ടായിരിക്കുന്നത്. അതിജീവനത്തിന് ശ്രമിക്കുന്ന കേരളത്തിന് ഹര്‍ത്താല്‍ വലിയ തിരിച്ചടിയാണ്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ലോകമെങ്ങുമുള്ള മലയാളികള്‍ ഒത്തൊരുമിച്ച് നില്‍ക്കുമ്പോഴാണ് ഈ ഹര്‍ത്താല്‍ .വ്യാപാര വാണിജ്യമേഖല സ്തംഭിക്കുന്നതോടെ സര്‍ക്കാരിന്‍റെ   നികുതി വരുമാനത്തിലും വലിയ തിരിച്ചടിയുണ്ടാകും.

ഭാരതബന്ദ് കേരളത്തിന് പുറത്ത് രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞ് 3 വരെ മാത്രമാണ്. പൊതുജീവിതത്തെ കാര്യമായി ബാധിക്കാത്ത രീതിയിലാണ് അവിടെ സമരം നടക്കുന്നത്. കേരളത്തിലാകട്ടെ രാവിലെ 6 മുതല്‍ 12 മണിക്കൂര്‍ ഹര്‍ത്താലാണ്. ഇന്ധനവിലവര്‍ദ്ധനക്കെതിരെ വ്യപകമായ പ്രതിഷേധമുണ്ടെങ്കിലും ഹര്‍ത്താലിനോടും ബന്ദിനോടും സമൂഹ മാധ്യമങ്ങളിലും എതിര്‍പ്പ് ശക്തമാണ്.

click me!