
ചരക്ക് സേവന നികുതി നടപ്പില്‍ വന്ന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും എല്ലാം പഴയ പടി തന്നെ. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ജ്വല്ലറികളില്‍ പോലും ഉപഭോക്താക്കള്‍ക്ക് ബില്ല് കൊടുക്കുന്നില്ല. ആലപ്പുഴ മുല്ലയ്‌ക്കലില്‍ ഒരു ജ്വല്ലറിക്കകത്ത് തന്നെ കെട്ടിട ഉടമയറിയാതെ കെട്ടിട നമ്പറോ രജിസ്‍ട്രേഷനോ ഇല്ലാതെ മറ്റൊരു ജ്വല്ലറി നടത്തിയും നികുതി വെട്ടിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
കൊട്ടിഘോഷിച്ച് രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ നികുതി ചോര്‍ച്ച തടഞ്ഞ് എല്ലാം കുറ്റമറ്റതാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് എത്രത്തോളം പ്രായോഗികമായെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം പരിശോധിച്ചത്. ആലപ്പുഴ മുല്ലയ്‌ക്കലിലെ ഒരു ജ്വല്ലറിയിലേക്കാണ് ഞങ്ങള്‍ പോയത്. ഇവിടെ പ്രധാന ജ്വല്ലറിയോട് ചേര്‍ന്ന് അതേ മുറിയില്‍ മറ്റൊരു ജ്വല്ലറി പ്രവര്‍ത്തിക്കുന്നു. ഒരു മൂലയില്‍ മേശയും സ്വര്‍ണ്ണവില രേഖപ്പെടുത്തിയ ബോര്‍ഡുമെല്ലാമായി മറ്റൊരാള്‍ ഇരിക്കുന്നു. പ്രധാന ജ്വല്ലറിയുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. അവിടെ ചെന്ന് ഒരു ബേബി വള ആവശ്യപ്പെട്ടു. കടയിലുണ്ടായിരുന്ന ആള്‍ ഇറങ്ങിപ്പോയി കടയ്‌ക്ക് പുറത്തെ ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് വള എടുത്തുകൊണ്ടുവന്നു. ഇഷ്ടം പോലെ സെലക്ഷനുണ്ട്. വള വാങ്ങി, പണം കൊടുത്തപ്പോള്‍ നല്ല ചിരി മാത്രം. ബില്ലില്ല.
ഇതിന് ശേഷം ഒരു മോതിരം വാങ്ങാനായി പ്രധാന ജ്വല്ലറിയിലേക്ക് പോയി. മോതിരം വാങ്ങിയ ശേഷം കണക്കുകൂട്ടി പണവും പറഞ്ഞു. എന്നാല്‍ പണം കൊടുത്ത് കഴിഞ്ഞപ്പോള്‍ ഇവിടെയും ചിരി മാത്രം. ബില്ലില്ല. വളയും മോതിരവും ഇട്ട് തന്ന അടപ്പുള്ള പാത്രത്തിന്റെ മുകളില്‍ നോക്കിയപ്പോള്‍. രണ്ടും രണ്ട് ജ്വല്ലറി തന്നെയാണ്. ഒന്ന് ജോസ് ജ്വല്ലേഴ്‌സും മറ്റേത് ജോസ് ഗോള്‍ഡ് ഷോപ്പും. കടയ്ക്കുള്ളിലെ ചെറിയ കടയില്‍ എല്ലാം പ്രത്യേകം പ്രത്യേകമാണെന്ന് കട തുറക്കലും അടക്കലും കണ്ടാല്‍ തന്നെ അറിയാം. ഒരു ദിവസത്തേക്ക് നിശ്ചിത വാടക പ്രധാന ജ്വല്ലറി ഉടമയ്‌ക്ക് കൊടുത്താണ് ഇവിടെ പ്രത്യേക മുറിയൊരുക്കിയത്. നേരത്തെ വില്പന നികുതി ഉദ്യോഗസ്ഥര്‍ ഇത് കണ്ടുപിടിച്ച് പിഴയടപ്പിച്ചു. എന്നാല്‍ ഇപ്പോഴും പഴയപടി തന്നെ. നികുതിയോ മറ്റ് ചെലവുകളോ ഒന്നും ഇല്ലാത്തതിനാല്‍ വാരിക്കോരിയാണ് ഓഫര്‍. ആറു ശതമാനം വരെയൊക്കെയാണ് വിലക്കുറവ്. ഇങ്ങനെ എത്ര വേണേലും സ്വര്‍ണ്ണം തരാന്‍ ഈ കടക്കാരന്‍ തയ്യാറുമാണ്.
ഒരു നമ്പറുള്ള കെട്ടിടത്തില്‍, ഒരൊറ്റ ലൈസന്‍സില്‍ ഒരു രൂപ പോലും നികുതി കൊടുക്കാതെ രണ്ടാമതൊരു കട പ്രവര്‍ത്തിക്കുന്നു. പ്രധാന ജ്വല്ലറിയുടമയ്ക്ക് ദിവസം ഒരു നിശ്ചിത തുക കിട്ടുമ്പോള്‍ സര്‍ക്കാരിന് നഷ്‌ടപ്പെടുന്നത് ലക്ഷങ്ങളുടെ നികുതിയാണ്. കെട്ടിട ഉടമ പോലും അറിയാതെയുള്ള കള്ളക്കച്ചവടം. ഉപഭോക്താക്കള്‍ക്ക് ബില്ല് വേണോ എന്ന ചോദ്യം പോലുമില്ല. ജ്വല്ലറിക്കുള്ളില്‍ രജിസ്‍ട്രേഷനൊന്നുമില്ലാതെ ലക്ഷങ്ങള്‍ നികുതി വെട്ടിച്ച് മറ്റൊരു കട. അതും ആലപ്പുഴ നഗരമധ്യത്തില്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.