ഇന്ത്യയിലെ മുന്‍നിര 500 കമ്പനികളില്‍ സിഇഒ സ്ഥാനത്ത് വെറും 9 വനിതകള്‍ മാത്രമാണെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ലോക്സഭയില്‍ വെളിപ്പെടുത്തി. 2013-ലെ കമ്പനി നിയമപ്രകാരം ഒരു വനിതാ ഡയറക്ടറെങ്കിലും നിര്‍ബന്ധമാണ്. എന്നാൽ, കോര്‍പ്പറേറ്റ് ഭരണത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നാണ് സര്‍ക്കാര്‍.
കോര്‍പ്പറേറ്റ് ലോകത്ത് സ്ത്രീകള്‍ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇന്ത്യയിലെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ സിഇഒ സ്ഥാനത്തുള്ളത് വെറും 9 വനിതകള്‍ മാത്രം. മാനേജിങ് ഡയറക്ടര്‍മാരായി 25 സ്ത്രീകള്‍ മാത്രമേയുള്ളൂ. കോര്‍പ്പറേറ്റ് നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ലോക്സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.
ബോര്‍ഡ് അംഗങ്ങള്‍ അല്ലെങ്കില്‍ ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ ആകെ 860 സ്ത്രീകളാണ് മുന്‍നിര കമ്പനികളിലുള്ളത്. ഇതില്‍ 18 അഡീഷണല്‍ ഡയറക്ടര്‍മാര്‍, 738 ഡയറക്ടര്‍മാര്‍, 25 മാനേജിങ് ഡയറക്ടര്‍മാര്‍, 12 നോമിനി ഡയറക്ടര്‍മാര്‍, 67 മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അതേസമയം, 2013-ലെ കമ്പനി നിയമപ്രകാരം 'ചെയര്‍പേഴ്‌സണ്‍', 'ചീഫ് ടെക്‌നോളജി ഓഫീസര്‍' എന്നീ സ്ഥാനങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം ഇല്ലാത്തതിനാല്‍ ഇവരുടെ കണക്കുകള്‍ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉയര്‍ന്ന തസ്തികകളില്‍ എത്തുന്നതിന് കോര്‍പ്പറേറ്റ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് മന്ത്രാലയം പ്രത്യേക വിലയിരുത്തലുകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്‍ പറഞ്ഞു.
നിയമം പറയുന്നതെന്ത്?
2013-ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 149(1)-ലെ രണ്ടാമത്തെ വ്യവസ്ഥയും, 2014-ലെ ചട്ടങ്ങളിലെ റൂള്‍ 3-ഉം അനുസരിച്ച്, ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കമ്പനികളിലും, 100 കോടി രൂപയോ അതില്‍ കൂടുതലോ മൂലധനമുള്ള അല്ലെങ്കില്‍ 300 കോടി രൂപയോ അതില്‍ കൂടുതലോ വിറ്റുവരവുള്ള എല്ലാ അണ്‍ലിസ്റ്റഡ് പബ്ലിക് കമ്പനികളിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ സ്ഥാനത്ത് ഒഴിവ് വന്നാല്‍, മൂന്ന് മാസത്തിനകമോ അല്ലെങ്കില്‍ അടുത്ത ബോര്‍ഡ് മീറ്റിംഗിലോ (ഏതാണോ വൈകി വരുന്നത്) പുതിയ ആളെ നിയമിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് ഭരണത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും, പുതിയ നയങ്ങളോ ലക്ഷ്യങ്ങളോ ആനുകൂല്യങ്ങളോ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.
പിഴയിനത്തില്‍ ഈടാക്കിയത് 71 ലക്ഷം രൂപ
വനിതാ ഡയറക്ടറെ നിയമിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് 50 ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും, പിഴയിനത്തില്‍ ആകെ 71,01,500 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 2023-24 വര്‍ഷത്തിലാണ് നിയമം ലംഘിച്ചതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (19 കേസുകള്‍). എന്നാല്‍ 2025-26 ല്‍ ഇത് 8 ആയി കുറഞ്ഞതായും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്താകെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനികളിലായി മൊത്തം 39,99,656 ഡയറക്ടര്‍മാരുണ്ട്. ഇതില്‍ 11,60,933 പേര്‍ സ്ത്രീകളാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം സഭയെ അറിയിച്ചു.


