
ഇടുക്കി: തേയില ലേലത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചതോടെ തേയില വ്യാപാരികള്‍ പ്രതിസന്ധിയില്‍. വന്‍കിടക്കാരെ സഹായിക്കുന്ന രീതിയിലുള്ള ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടു വ്യാപാരികള്‍ ലേലം ബഹിഷ്‌കരിച്ചിരിക്കുകയാണ്. ടണ്‍ കണക്കിനു തേയിലയാണു കൊച്ചിയില്‍ കെട്ടിക്കിടക്കുന്നത്.
തേയില ലേലം ദേശീയ അടിസ്ഥാനത്തില്‍ ഏകീകരിക്കുന്നതിനായി പാന്‍ ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചതാണ് വ്യാപാരികളെ വെട്ടിലാക്കിയത്. രണ്ടാഴ്ചയായി പാന്‍ ഇന്ത്യ മാതൃകയിലാണു ലേലം നടക്കുന്നത്. ഇതനുസരിച്ച് ലേലത്തില്‍ ഒരാള്‍ പങ്കെടുത്താല്‍ 50 കിലോയുടെ 20 തേയില ചാക്കുകള്‍ ലേലം കൊള്ളണം. നേരത്തെ 20 ചാക്കുകള്‍ മൂന്നോ നാലോ പേര്‍ ചേര്‍ന്നാണു ലേലത്തില്‍ എടുത്തിരുന്നത്. പുതിയ നിയമം അനുസരിച്ച് മൂന്ന് പേര്‍ പങ്കെടുത്താല്‍ 40 ചാക്കുകള്‍ ലേലം കൊള്ളണം. വന്‍കിടക്കാരെ സഹായിക്കുന്നതും ചെറുകിട കച്ചവടക്കാരെ പൂര്‍ണമായും പുറം തള്ളുന്നതുമാണ് പാന്‍ ഇന്ത്യയിലെ വ്യവസ്ഥകളെന്ന് കൊച്ചിയിലെ കച്ചവടക്കാര്‍ ആരോപിക്കുന്നു.
കോയമ്പത്തൂരും ഊട്ടിയിലെ കുനൂരും പാന്‍ ഇന്ത്യ നടപ്പായിട്ടില്ല. തമിഴ്‌നാട്ടില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവിടങ്ങളിലെ ലേലത്തില്‍ പങ്കെടുക്കാനാകൂ. പാന്‍ ഇന്ത്യയ്ക്ക് എതിരല്ലെന്നും കൊല്‍ക്കത്ത ആസ്ഥാനമായ തേയില ബോര്‍ഡ് ഉത്തരേന്ത്യയിലെ സ്ഥിതിമാത്രം കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നുമാണ് വ്യാപാരികളുടെ ആരോപണം.
തേയില ലേലം സുതാര്യമാക്കാനാണു പാന്‍ ഇന്ത്യ നടപ്പിലാക്കിയതെന്നാണ് ടീ ബോര്‍ഡിന്റെ നിലപാട്. വ്യാപാരികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 20 ചാക്ക് ഒന്നിച്ചെടുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചേക്കുമെന്നും തേയില ബോര്‍ഡ് വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.