ഇന്ത്യയില്‍ സേവനത്തിനില്ല, അവര്‍ മൂവരും മടങ്ങി യുഎസ്സിലേക്ക്

Web Desk |  
Published : Jun 29, 2018, 08:51 AM ISTUpdated : Oct 02, 2018, 06:42 AM IST
ഇന്ത്യയില്‍ സേവനത്തിനില്ല, അവര്‍ മൂവരും മടങ്ങി യുഎസ്സിലേക്ക്

Synopsis

സ്ഥാനമൊഴിഞ്ഞ മൂന്ന് സാമ്പത്തിക വിദഗ്ധരും യുഎസിലെ വിലമതിക്കാനാകാത്ത പ്രഫഷണലുകള്‍

അരവിന്ദ് സുബ്രമണ്യം, അരവിന്ദ് പനാഗരിയ, രഘുറാം രാജന്‍. ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ സമ്പദ്ഘടനയെ നേരിട്ട് നിയന്ത്രിച്ചിരുന്ന വ്യക്തികളാണ്. അരവിന്ദ് സുബ്രമണ്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. അരവിന്ദ് പനാഗരിയ നിതി ആയോഗിന്‍റെ വൈസ് ചെയര്‍പേഴ്സണും, രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറുമായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഈ മൂന്ന് സാമ്പത്തിക വിദഗ്ധര്‍ക്കും തങ്ങളുടെ സ്ഥാനമൊഴിഞ്ഞ് യു.എസിലേക്ക് മടങ്ങേണ്ടി വന്നു.

ഇവര്‍ മൂവരും യുഎസിലെ വിലമതിക്കാനാകാത്ത പ്രഫഷണലുകളാണ്.

ഇവരില്‍ അവസാനം സ്ഥാനമൊഴിഞ്ഞത് അരവിന്ദ് സുബ്രമണ്യമായിരുന്നു. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ട് സ്ഥാനമെഴിയുന്നു എന്നാണ് അദ്ദേഹം രാജിയെക്കുറിച്ച് പറഞ്ഞത്. കൊളംബിയന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി പോകുന്നുവെന്ന് പറഞ്ഞാണ് അരവിന്ദ് പനാഗരിയ രാജി സമര്‍പ്പിച്ചത്. 2016 സെപ്റ്റംബറിലാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. 

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രമണ്യം കൂടി രാജിവച്ചതോടെ എന്‍ഡിഎ സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളോടുളള വിയോജിപ്പ് കാരണമാണ് വിദഗ്ധര്‍ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി രാജി വയ്ക്കുന്നതെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വന്നിരിക്കുന്നു.

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ രാജിവച്ച് അരവിന്ദ് സുബ്രമണ്യം

2014 ഒക്ടോബര്‍ 16 നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രമണ്യം സ്ഥാനമേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2017 ല്‍ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടുകയായിരുന്നു. "അദ്ദേഹം യു.എസിലേക്ക് മടങ്ങിപ്പോകുന്നു. കുടുംബത്തോടൊപ്പം സമയ ചിലവിടാണ് മടക്കം. കാരണം വ്യക്തിപരമാണെങ്കിലും പ്രാധാന്യമേറിയതാണ്. അദ്ദേഹത്തിന്‍റെ അസാന്നിധ്യം എനിക്ക് നഷ്ടമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ" അരവിന്ദ് സുബ്രമണ്യത്തിന്‍റെ രാജിക്കാര്യത്തെപ്പറ്റി ധനമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു. ധനമന്ത്രി തന്‍റെ ബ്ലോഗിലൂടെയാണ് അരവിന്ദിന്‍റെ രാജിക്കാര്യം പുറത്ത് വിട്ടത്. വീ‍ഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിക്കാര്യം ധനമന്ത്രിയെ അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിക്കാര്യം സര്‍ക്കാരിനെ അറിയിക്കുന്നത്. 

നോട്ട് നിരോധന കാലത്തും ജിഎസ്ടി നടപ്പാക്കിയപ്പോഴും അരവിന്ദായിരുന്നു സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. നോട്ട് നിരോധനത്തെ സംബന്ധിച്ചുളള ചോദ്യങ്ങളോട് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുകയാണ്. ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് പോലെ നോട്ട് നിരോധനം സര്‍ക്കാരിന്‍റെ തെറ്റായ തീരുമാനമായിരുന്നോ? എന്ന ഹിന്ദുസ്ഥാന്‍ ടൈംസ് പത്രപ്രവര്‍ത്തകന്‍റെ ചോദ്യത്തോട് അദ്ദോഹത്തിന്‍റെ പ്രതികരണമിതായിരുന്നു.

"ഞാന്‍ മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ല. ആ ചോദ്യത്തിന് മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല".

നോട്ട് നിരോധനത്തിന് മുന്‍പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് അഭിപ്രായം ചോദിച്ചിരുന്നോയെന്നതിന് ഇന്നും ഔദ്യോഗികമായോ അല്ലാതെയോ ഒരു മറുപടിയും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ലഭ്യമല്ല. അദ്ദേഹം തന്‍റെ ഗവേഷണ പരിപാടികളും എഴുത്തുമായി വാഷിംഗ്ടൺ ഡിസിയിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിലേക്ക് ചേക്കേറിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

യോജനാ ഭവനില്‍ നിന്ന് കൊളംബിയന്‍ സര്‍വ്വകലാശാലയിലേക്ക് മടങ്ങിയ പനാഗരിയ

നെഹ്റൂവിയന്‍ - സോഷ്യലിസത്തിന്‍റെ ഇന്ത്യയുടെ വികസനത്തിനായി നയരൂപീകരണം നടത്തിയിരുന്ന ആസൂത്രണ കമ്മീഷനെ ഉടച്ചുവാര്‍ത്താണ് എന്‍ഡിഎ സര്‍ക്കാര്‍ നിതി ആയോഗ് സ്ഥാപിച്ചത്. 2015 നിലവില്‍ വന്ന നിതി ആയോഗിന്‍റെ ആദ്യ വൈസ് ചെയര്‍മാനായിരുന്നു അരവിന്ദ് പനാഗരിയ. രണ്ടര വര്‍ഷത്തിന് ശേഷം 2017 ആഗസ്റ്റ് 31 ന് അദ്ദേഹം തല്‍സ്ഥാനം രാജിവച്ചു. നിതി ആയോഗിന്‍റെ ആസ്ഥാനമായ യോജനാ ഭവനില്‍ നിന്ന് തന്‍റെ പഴയ തട്ടകമായ കൊളംബിയന്‍ സര്‍വ്വകലാശാലയിലേക്കായിരുന്നു മടക്കം. കൊളംബിയന്‍ സര്‍വ്വകലാശാലയിലെ പെളിറ്റിക്കല്‍ ഇക്കണോമിക്സ് വിഭാഗം അദ്ധ്യപകനായിരുന്ന അദ്ദേഹം രാജിക്ക് ശേഷം അവിടേക്ക് തന്നെ മടങ്ങി.

കൊളംബിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങേണ്ടതിനാല്‍ രാജിവയ്ക്കുന്നുവെന്നാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. നിതി ആയോഗിന്‍റെ ആദ്യ വൈസ് ചെയര്‍മാനായ അദ്ദേഹത്തിന് വെറും രണ്ടര വര്‍ഷം മാത്രമേ ആ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞൊള്ളൂ. നിതി ആയോഗില്‍ രൂപപ്പെട്ട സമാന്തര അധികാര കേന്ദ്രങ്ങളും ആര്‍ എസ്സ് എസ്സിന് പനാഗരിയയുടെ നയങ്ങളോടും തീരുമാനങ്ങളോടും ഉണ്ടായിരുന്ന എതിര്‍പ്പുമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിതി ആയോഗ് വൈസ് ചെയര്‍മാന്‍ പദവി ക്യാബിനറ്റ് റാങ്കിന് തുല്യമായിട്ടും അദ്ദേഹത്തെ ക്യാബിനറ്റ് യോഗങ്ങള്‍ക്ക് ക്ഷണിക്കാതിരുന്നതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റായിരുന്ന പനാഗരിയ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുളള വ്യക്തി കൂടിയാണ്.

രഘുറാം രാജന്‍റെ പടിയിറക്കം

എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത സ്ഥാനത്ത് നിന്ന് ആദ്യം പുറത്ത് പോയ സാമ്പത്തിക വിദഗ്ധനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍. റിസര്‍വ് ബാങ്കിന്‍റെ 23 മത് ഗവര്‍ണറായിരുന്നു അദ്ദേഹം. 2016 സെപ്റ്റംബര്‍ നാലിന് മൂന്ന് വര്‍ഷം ഗവര്‍ണര്‍ പദവി പൂര്‍ത്തിയാക്കിയ രാജനും യു.എസ്സിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യു.എസ്സിലെ ചിക്കാഗോ സര്‍വ്വകലാശാലയിലേക്കാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോള്‍ സര്‍വ്വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസ്സിലെ ധനകാര്യ വിഭാഗം പ്രഫസറാണ്.

അദ്ദേഹം പദവി ഒഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. "ഒട്ടും ആലോചനയില്ലാതെ സ്വീകരിച്ച  നടപടി"യെന്നാണ് രഘുറാം രാജന്‍ നോട്ട് നിരോധനത്തെപ്പറ്റിയുളള ചോദ്യങ്ങളോട് പ്രതികരിച്ചത്. 1991 ന് ശേഷം അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാതെ പദവിയെഴിഞ്ഞ രണ്ടാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു രഘുറാം രാജന്‍. 

"മാനസ്സുകൊണ്ട് രാജന്‍ പൂര്‍ണ്ണമായും ഇന്ത്യക്കാരനല്ല"

എന്ന് സുബ്രമണ്യം സ്വാമി അടക്കമുളള ബിജെപി നേതാക്കള്‍ രഘുറാം രാജനെതിരായി ആക്ഷേപമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അധികാരമേറ്റ രാജനോട് എന്‍ഡിഎ സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു എന്നതിന് തെളിവായിരുന്നു അദ്ദേഹത്തിന് എതിരായി ഉയര്‍ന്ന പ്രചാരണങ്ങള്‍. അന്താരാഷ്ട്ര നാണയ നിധി മുന്‍ ചീഫ് ഇക്കണോമിസ്റ്റായിരുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ വലിയ സ്വാധീനമുണ്ട്. ലണ്ടന്‍ ആസ്ഥാനമായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായി അദ്ദേഹത്തെ പരിഗണിക്കുന്നതായി അടുത്തകാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. 

അതിശയമില്ലാത്ത വാര്‍ത്തയെന്ന് കോണ്‍ഗ്രസ്സ്

"ഈ വാര്‍ത്തയില്‍ അതിശയമൊന്നുമില്ല"

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം സ്ഥാനമൊഴിഞ്ഞതിലെ പ്രതികരണമെന്തെന്ന് മാധ്യമ പ്രവര്‍ത്തകരുടെ  ചോദ്യത്തിന് കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സൂര്‍ജാവാലയുടെ പ്രതികരണമായിരുന്നു ഇത്. രഘുറാം രാജനും, അരവിന്ദ് പനാഗരിയയ്ക്കും ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിന്‍റെ രാജിയില്‍ അതിശയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി സര്‍ക്കാരിന്‍റെ നയങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ക്കെല്ലാം നിരാശ ബാധിച്ചിരിക്കുന്നവെന്നായിരുന്നു സൂര്‍ജാവാലയുടെ ഇത് സംബന്ധിച്ച ട്വിറ്ററിലൂടെയുളള പ്രതികരണം. കോണ്‍ഗ്രസ്സിന്‍റെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന നോതാവാണ് സൂര്‍ജാവാല.   

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: വീണ്ടും വീണു, ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
നികുതി ലാഭിക്കാം, സമ്പാദ്യം വളര്‍ത്താം; 2026-ലേക്ക് ഇപ്പോഴേ ഒരുങ്ങാം