
മൊബൈൽ സേവനദാതാക്കളുടെ കോൾ നിരക്കുകൾ സുതാര്യമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നീക്കങ്ങള്‍ തുടങ്ങി. താരിഫ് നിരക്കുകൾ ഉടൻ ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. മൊബൈൽ കോൾ നിരക്കുകൾ കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ മുന്നോടിയായാണ് ട്രായുടെ പുതിയ നീക്കം.
രാജ്യത്തെ ടെലികോം മേഖലയില്‍ സുതാര്യ വിപ്ലവത്തിനൊരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ. താരിഫ് നിരക്കുകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കി. വിവിധ മൊബൈല്‍ സേവന ദാതാക്കള്‍ പ്രതിവര്‍ഷം 24,000 താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു എന്നാണ് കണക്ക്. അധികം വൈകാതെ ഇവ ട്രായ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതോടെ ഉപയോക്താക്കള്‍ക്ക് കൃത്യമായി താരിഫ് നിരക്കുകള്‍ തെരഞ്ഞെടുക്കാനാവും. രാജ്യത്ത് മൊബൈല്‍ കോള്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രായുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ഒരു നെറ്റ്‍വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് കുറയ്ക്കാനും ട്രായ് ധാരണയായിരുന്നു. നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപയോക്താക്കളില്‍ നിന്ന് ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജായി മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. ഇത് 10 പൈസയില്‍ താഴെ ആക്കാനാണ് ട്രോയുടെ നീക്കം. ഇതോടെ മൊബൈല്‍ കോള്‍ നിരക്കുകളില്‍ ഗണ്യമായ കുറവുണ്ടാകും.
എന്നാല്‍ ട്രായുടെ തീരുമാനത്തോട് മൊബൈല്‍ സേവന ദാതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ് കൂട്ടണമെന്നായിരുന്നു ഭൂരിപക്ഷം മൊബൈല്‍ സേവന ദാതാക്കളുടെയും നിലപാട്. എന്നാല്‍ റിലയന്‍സ് ജിയോ, വോയ്സ് കോളുകള്‍ സൗജന്യമാക്കിയത് ഇവര്‍ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് ട്രായുടെ നടപടി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.