
ദില്ലി: സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായെങ്കിലും ആഗോള ബാങ്കിംഗ് മേഖലയിലും വിപണികളിലും പരിഭ്രാന്തി തുടരുന്നു. യൂറോപ്യന്‍ ഏഷ്യന്‍ ഓഹരി വിപണികളിലെല്ലാം തിങ്കളാഴ്ചയും നഷ്ടമുണ്ടായി.
അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ട് ബാങ്കുകളുടെ തകര്‍ച്ച. സ്വിറ്റ്സർലന്‍റിലെ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായതോടെ പരിഭ്രാന്തിയിലായിരുന്ന ആഗോള സാമ്പത്തിക രംഗം. ക്രഡിറ്റ്സ്വിസ്സിനെ രക്ഷിക്കാന്‍ സ്വിസ് ഭരണകൂടത്തിന്‍റെ കൂടി ഇടപെടലിന്‍റെ ഭാഗമായാണ് മുഖ്യ എതിരാളിയായിരുന്ന യുബിഎസ് രംഗത്തു വരുന്നത്. 3 ബില്യണ്‍ ഡോളറിന്‍റെ ഏറ്റെടുക്കല്‍ കരാറിലൂടെ മറ്റൊരു ബാങ്ക് തകര്‍ച്ച ഒഴിവായെങ്കിലും ഓഹരി വിപണികളില്‍ പരിഭ്രാന്തി കൂടി. വിവിധ ലോക രാജ്യങ്ങളിലെ കൂടുതല്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമോയെന്നായിരുന്നു ഭയം.
ക്രെഡിറ്റ് സ്വിസ്സില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സൗദി നാഷണല്‍ ബാങ്കിനെയും ജപ്പാനിലെ പെന്‍ഷന്‍ ഫണ്ടിനെയും ഇത് എങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്. ഏഷ്യന്‍ യൂറോപ്യന്‍ ഓഹരി വിപണികളില്‍ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ഇടിവ് ഇന്നും ആവര്‍ത്തിച്ചു. ബാങ്കിംഗ് ഓഹരികളിലാണ് കൂടുതല്‍ ഇടിവുണ്ടായത്. ഇന്‍ഡ്യന്‍ ഓഹരി വിപണിയിലും ഇന്ന് നഷ്ടമായിരുന്നു. സെന്‍സെക്സ് 360 പോയിന്‍റോളം താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്ത്യയിൽ സാമ്പത്തിക സേവന മേഖലയിലുളള ക്രഡിറ്റ് സ്വിസ്സും യുബിഎസും ഒന്നായതോടെ പ്രവര്‍ത്തനത്തില്‍ എന്ത് മാറ്റമുണ്ടാക്കുമെന്ന് വ്യക്തമല്ല. ഏറ്റെടുക്കല്‍ നിലവില്‍ വന്നതോടെ ഇരു സ്ഥാപനങ്ങളിലും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.