Asianet News MalayalamAsianet News Malayalam

'സുരക്ഷ ഉറപ്പാക്കും'; സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ടതിനെ അപലപിച്ച് അമേരിക്ക

രാജ്യത്തെ ഇന്ത്യൻ നയതന്ത്ര മേഖലകൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാൻ വാദികളുടെ അക്രമത്തിൽ  ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്  പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. 

america condemns the attack on the indian consulate in san francisco vcd
Author
First Published Mar 21, 2023, 12:09 AM IST

ദില്ലി: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് അമേരിക്ക.  രാജ്യത്തെ ഇന്ത്യൻ നയതന്ത്ര മേഖലകൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കും എന്നും അമേരിക്ക വ്യക്തമാക്കി. ഖലിസ്ഥാൻ വാദികളുടെ അക്രമത്തിൽ  ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്  പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. 

നയതന്ത്ര മേഖലയുടെ  സുരക്ഷ അമേരിക്കൻ സർക്കാരിന്റെ ബാധ്യതയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി അധികൃതരും അമേരിക്കൻ സ്റ്റേറ്റ് വകുപ്പിനോട് പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്തു. ചില കനേഡിയൻ സർക്കാർ അധികൃതരുടെ അക്കൗണ്ടുകൾക്കും വിലക്ക് ഏർപ്പെടുത്തി. 

ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന്  ഖലിസ്ഥാൻവാദികൾ എഴുതി. സുരക്ഷാ ബാരിക്കേഡ് തകർത്ത സംഘം ഖലിസ്ഥാൻ പതാകയും കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.  ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയും ഖലിസ്ഥാൻ അനുകൂലികൾ അതിക്രമം നടത്തിയിരുന്നു.

Read Also: യുക്രെയ്ൻ യുദ്ധം: ചൈനയുടെ മധ്യസ്ഥതയിൽ ച‍ര്‍ച്ചകൾക്ക് തയ്യാറെന്ന് പുടിൻ

Follow Us:
Download App:
  • android
  • ios